ജയ്പൂർ: ജയ്പൂരിലെ വിവാഹച്ചടങ്ങുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു. ഇത്തവണ വിവാഹ റിസപ്ഷനിടെ വധുവിന്റെ അരികിൽ നിന്ന് 4 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും അടങ്ങിയ ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്.
ഫെബ്രുവരി 7-ന് ജഗത്‌പുര മേഖലയിലെ ചന്ദൻ വാനിലായിരുന്നു സംഭവം. ആഘോഷങ്ങൾ തകൃതിയായി നടക്കുന്നതിനിടെ, അതിഥികൾക്കിടയിൽ ഒരാളായി വേഷം മാറി എത്തിയ യുവാവാണ് മോഷണം നടത്തിയത്. വധൂവരന്മാരുടെ പിന്നിലൂടെ നീങ്ങിയ ഇയാൾ പണമടങ്ങിയ ബാഗ് കൈക്കലാക്കുകയും, ആരും ശ്രദ്ധിക്കാത്ത വിധം തന്റെ ബ്ലേസറിനുള്ളിൽ ഒളിപ്പിച്ച് വേഗത്തിൽ വേദി വിടുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിയാനായി വിവാഹ വേദിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ആഡംബര വിവാഹങ്ങളിൽ സ്യൂട്ടും മറ്റ് ഔദ്യോഗിക വസ്ത്രങ്ങളും ധരിച്ചെത്തി ആൾക്കൂട്ടത്തിനിടയിൽ ലയിച്ചുചേർന്ന് മോഷണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.




