Featured Lifestyle

വൈറല്‍ ടിക് ടോക് കണ്ട് ‘ടോയ് ഹാക്ക്’ പരീക്ഷിച്ചു ; 9 വയസ്സുകാരന് കാഴ്ച നഷ്ടമായി

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ (TikTok) വൈറല്‍ ട്രെന്‍ഡ് അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പത് വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കളിപ്പാട്ടവുമായി ബന്ധപ്പെട്ട ഒരു ‘ഹാക്ക്’ പരീക്ഷിക്കുന്നതിനിടെ രാസവസ്തുക്കള്‍ കണ്ണില്‍ തെറിച്ചതിനെ തുടര്‍ന്നാണ് ഷിക്കാഗോ സ്വദേശിയായ 9 വയസ്സുകാരനായ കേലബ് ചബോളയുടെ കാഴ്ചശക്തി ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയത്. ‘കണ്ണെരിയുന്നു!’ എന്ന് നിലവിളിച്ചു കൊണ്ട് ഓടിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലെ അപകടകരമായ വെല്ലുവിളികള്‍ (Online Challenges) കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. കേലബ് പഴയ ടിക് ടോക് ട്രെന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ ‘നീഡോ’ (NeeDoh) എന്ന സെന്‍സറി കളിപ്പാട്ടം മൈക്രോവേവ് ഓവനില്‍ വെച്ച് ചൂടാക്കിയതിനെത്തുടര്‍ന്ന് അത് മുഖത്തേക്ക് പൊട്ടിത്തെറിക്കുകയും കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയിലെത്തുകയുമായിരുന്നു. തന്റെ മകന്‍ ‘കണ്ണെരിയുന്നു, എരിയുന്നു!’ എന്ന് നിലവിളിച്ചു കൊണ്ട് അടുക്കളയില്‍ നിന്ന് ഓടിവരുന്നത് കേട്ടതായി അമ്മ വിറ്റ്നി ഗ്രബ് പറഞ്ഞു. കളിപ്പാട്ടത്തിനുള്ളിലെ പശ പോലുള്ള ദ്രാവകം ചൂടായി വികസിക്കുകയും ഓവന്‍ തുറന്ന നിമിഷം കുട്ടിയുടെ മുഖത്തേക്ക് പൊട്ടിത്തെറിക്കുകയുമായിരുന്നു.

കുട്ടിയുടെ മുഖത്തെ തൊലി ഉരുകിപ്പോകുന്ന അവസ്ഥയിലായിരുന്നു. ലോയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് മൃതകോശങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയകള്‍ ആവശ്യമായി വന്നു. സ്‌കിന്‍ ഗ്രാഫ്റ്റിംഗ് (തൊലി വെച്ചുപിടിപ്പിക്കല്‍) ആവശ്യമായി വന്നില്ലെങ്കിലും മുഖത്ത് പാടുകള്‍ അവശേഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, അപകടത്തിന് ശേഷം നീഡോ കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ചൂടാക്കരുതെന്ന മുന്നറിയിപ്പ് പതിപ്പിച്ചിട്ടുണ്ട്.