Crime Featured

സിനിമ സ്റ്റൈൽ ചേസിങ്, കാർ കുറുകെയിട്ട് കസ്റ്റംസ് സൂപ്രണ്ട്; കൊച്ചിയില്‍ 1000 കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ പ്രതികൾ പിടിയിലായി

കൊച്ചി: പ്രതികളുടെ വാഹനം തൊട്ടുമുന്നിൽ, പിന്നാലെ രണ്ട് കാറുകളിലായി പിന്തുടരുന്ന അന്വേഷണസംഘം. കൊച്ചിയിലെത്തി ഇടപ്പള്ളി ജങ്ഷൻ വഴി ഗുരുവായൂർ ഭാഗത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഇടപ്പള്ളിയിൽ വെച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് സ്വന്തം കാർ പ്രതികളുടെ വാഹനത്തിന് കുറുകെയിട്ട് വഴി തടഞ്ഞു. വണ്ടി നിർത്തിയ ഉടൻ തന്നെ ഉദ്യോഗസ്ഥൻ ഓടിയെത്തി താക്കോൽ ഊരിയെടുത്തു. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ വളഞ്ഞ് പിടികൂടുകയായിരുന്നു. ആയിരം കോടി രൂപ വിലമതിക്കുന്ന ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ പ്രധാനികളായ രണ്ട് മലയാളികളെ സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് സംഘം സിനിമാറ്റിക രീതിയിൽ വലയിലാക്കിയത് ഇപ്രകാരമായിരുന്നു.

തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ 40 കിലോമീറ്ററോളം കാറിൽ പിന്തുടർന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സ് സംഘം പിടികൂടിയത്. ‘ഓപ്പറേഷൻ വജ്ര’ എന്ന ദൗത്യത്തിലൂടെ 30 ടൺ തൂക്കം വരുന്ന 12 കോടിയോളം ഫൈറ്റർ ഡ്രഗ് ഗുളികകൾ (ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ്) ഡൽഹിയിലെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തിരുന്നു. വിവരമറിഞ്ഞതോടെ ലഹരികടത്തിലെ പ്രധാന കണ്ണികളായ ഉമേഷും ഫിർദോസും ഒളിവിൽ പോയി. ഇവർ കേരളത്തിലേക്ക് കടന്നെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ്, ഡിആർഐ, നാർക്കോട്ടിക്സ് ബ്യൂറോ എന്നിവർ തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തിരുവനന്തപുരത്ത് നിന്ന് കൊച്ചി ഭാഗത്തേക്ക് വരുന്നുണ്ടെന്നറിഞ്ഞ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. വൈക്കത്തിന് തൊട്ടുമുമ്പിൽ വെച്ച് പ്രതികളുടെ വാഹനം കണ്ടെത്തുകയും തുടർന്ന് സിനിമാറ്റിക ചേസിങ്ങിലൂടെ ഇരുവരെയും കീഴടക്കുകയുമായിരുന്നു. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ ബെംഗളൂരുവപ്പൊളത്ത് നിന്ന് പിടികൂടിയിരുന്നു. ബെംഗളൂരു സ്വദേശിയായ ഇയാളുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്ന് കയറ്റുമതി ചെയ്യാനാവശ്യമായ വ്യാജരേഖകൾ നിർമിച്ചിരുന്നത്.

വീര്യം കൂടിയ വേദനസംഹാരിയായ ട്രാമഡോൾ പ്രധാനമായും സംഘർഷ മേഖലകളിലാണ് ലഹരിമരുന്നായി ഉപയോഗിക്കുന്നത്. കേവലം 25 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഗിനി-ബിസാവു എന്ന കൊച്ചു പശ്ചിമാഫ്രിക്കൻ രാജ്യത്തേക്ക് 12 കോടിയോളം ലഹരി ഗുളികകൾ കയറ്റി അയക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ ഇത്രയും ചെറിയ ജനസംഖ്യയുള്ള രാജ്യത്തേക്ക് വലിയ തോതിൽ ഗുളികകൾ അയക്കുന്നതിൽ നാർകോട്ടിക്സ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് നിയന്ത്രണ ബോർഡിൽ നിന്നും ഗിനി-ബിസാവു സർക്കാരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഇതോടെയാണ് ഗിനി-ബിസാവുവിന്റെ പേരിൽ സംഘർഷഭരിതമായ ലിബിയയിലേക്ക് ലഹരിമരുന്ന് കടത്താനായിരുന്നു നീക്കമെന്ന് വ്യക്തമായത്. തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ സഹകരണത്തോടെ നാർക്കോട്ടിക്സ് ബ്യൂറോ വലവിരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *