Lifestyle

92-ാം വയസ്സിൽ അച്ഛനായ ഡോക്ടർ, 37-കാരിയായ ഭാര്യ കുഞ്ഞിന് ജന്മം നൽകി

തൊണ്ണൂറ്റിരണ്ടാം വയസ്സിൽ പിതാവായി ഓസ്ട്രേലിയയിൽ നിന്നുള്ള ഡോക്ടർ. അദ്ദേഹത്തിന്റെ 37 -കാരിയായ ഭാര്യയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഡോ. ജോൺ ലെവിനും 37 വയസ്സുള്ള ഭാര്യ ഡോ. യാനിംഗ് ലുവും 2024 ഫെബ്രുവരിയിലാണ് അവരുടെ മകൻ ഗാബിയെ ഈ ലോകത്തേക്ക് സ്വാ​ഗതം ചെയ്തത്. ഡോ. ലെവിന്റെ മൂന്നാമത്തെ കുട്ടിയാണ് ഗാബി. അദ്ദേഹത്തിന്റെ മൂത്ത മകൻ ഗ്രെഗ് എന്ന 65 -കാരൻ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് മരിക്കുന്നതിന് അഞ്ച് മാസം മുമ്പ് മാത്രമാണ് ​ഗാബി ജനിച്ചത്.

ജനറൽ പ്രാക്ടീഷണറും ആന്റി-ഏജിംഗ് മെഡിസിൻ സ്പെഷ്യലിസ്റ്റുമാണ് ഡോ. ലെവിൻ. 57 വയസ്സുള്ള ഭാര്യ മരിച്ചശേഷമാണ് അദ്ദേഹം ഡോ. ​​ലുവിനെ കണ്ടുമുട്ടിയത്. ഭാര്യ മരിച്ചതിനെ തുടർന്നുണ്ടായ ഏകാന്തത അവസാനിപ്പിക്കുന്നതിനായി അദ്ദേഹം മാൻഡറിൻ ഭാഷയാണ് പഠിക്കാനായി ആരംഭിച്ചു. അദ്ദേഹത്തിന്റെ അധ്യാപികയായിരുന്നു ഡോ. ലു. എന്നാല്‍ ഡോ. ലെവിൻ ഒരു മോശം വിദ്യാർത്ഥിയായിരുന്നുവെന്നും മൂന്നാമത്തെ ക്ലാസ് കഴിഞ്ഞപ്പോൾ ക്ലാസ് നിർത്താൻ താൻ പറഞ്ഞുവെന്നും ലു പറയുന്നു.

എങ്കിലൂം ഇരുവരും സൗഹൃദം തുടർന്നു. ഒടുവിൽ ലെവിൻ ലുവിനെ ഡിന്നറിന് ക്ഷണിച്ചു. ഒടുവിൽ ഇരുവരും പ്രണയത്തിലാവുകയും 2014 -ൽ ലാസ് വേ​ഗാസിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. കൊവിഡ് 19 സമയം വരെ ഇവർ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പിന്നീട് തന്റെ ഭർത്താവ് മരിച്ചാലും തനിക്ക് അദ്ദേഹത്തിന്റെ ഭാ​ഗമായ ഒരാളെ ഈ ലോകത്ത് വേണമെന്ന് ലുവിന് ആഗ്രഹമായി . അങ്ങനെയാണ് അവർ കുഞ്ഞിനെ പറ്റി ചിന്തിക്കുന്നത്. ഐവിഎഫിലൂടെയാണ് കുഞ്ഞിന് ജന്മം നൽകിയത്.

പലരും താൻ ​ഗാബിയുടെ മുത്തച്ഛനാണ് എന്ന് കരുതാറുണ്ട് എന്നും അത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും ഡോ. ലെവിൻ പറയുന്നു. എന്തായാലും ​ഗാബിയെ കിട്ടിയതിൽ അദ്ദേഹവും ലുവും ഹാപ്പിയാണ്.