Featured Good News

പാതിരാത്രി ട്രെയിനിൽ യുവതിക്ക് പ്രസവവേദന, വീഡിയോകോളിൽ ഡോക്ടറെ വിളിച്ച് രക്ഷകനായി യുവാവ്, ‘യഥാർത്ഥ ഹീറോ’

മുംബൈ: ധൈര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയസ്‌പർശിയായ പ്രവർത്തിയുമായി മുംബൈയിലെ ഈ യുവാവ്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായെത്തുകയായിരുന്നു അപരിചിതനായ യുവാവ്. ഒരു ലേഡി ഡോക്ടർ യുവാവിന് ഫോണിൽ നിർദേശങ്ങൾ നൽകി സഹായിച്ചു.

വ്യാഴാഴ്ച പുലർച്ചെ രാം മന്ദിർ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ ഈ അവിശ്വസനീയമായ നിമിഷം, സംഭവത്തിന് ദൃക്‌സാക്ഷിയായ സംഗീതജ്ഞൻ മഞ്ജീത് ധില്ലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. പുലർച്ചെ ഒരു മണിയോടെ ട്രെയിനിൽ യാത്ര ചെയ്യവെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. യുവതിയുടെ നില ഗുരുതരമായപ്പോൾ സഹയാത്രികനായ വികാസ് ബേന്ദ്രെ ഉടൻ തന്നെ ട്രെയിൻ രാം മന്ദിർ സ്റ്റേഷനിൽ എത്തിയപ്പോൾ എമർജൻസി ചെയിൻ വലിച്ചു. “ഇത് പറയുമ്പോൾ പോലും എനിക്ക് പേടിയാകുന്നു. യുവതിയുടെ കുഞ്ഞിന്റെ ശരീരം പകുതി പുറത്തും പകുതി ഉള്ളിലുമായിരുന്നു. ആ നിമിഷം, ഈ സഹോദരനെ ദൈവം അവിടേക്ക് അയച്ചതുപോലെയാണ് ശരിക്കും തോന്നിയത്,” ധില്ലൻ തന്റെ പോസ്റ്റിൽ എഴുതി.

ആംബുലൻസോ വൈദ്യസഹായമോ അടുത്തു കിട്ടാനില്ലാതിരുന്നിട്ടും വികാസ് ശാന്തനായി നിന്നു. “ഞങ്ങൾ എല്ലാവരും ഞങ്ങളാൽ കഴിയുന്നത് ശ്രമിച്ചു – നിരവധി ഡോക്ടർമാരെ വിളിച്ചു, പക്ഷേ ആംബുലൻസ് എത്താൻ സമയമെടുത്തു. ഒടുവിൽ, ഒരു വനിതാ ഡോക്ടർ വീഡിയോ കോൾ വഴി അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാവുകയും, അവർ നിർദ്ദേശിച്ച കാര്യങ്ങൾ ഇദ്ദേഹം കൃത്യമായി ചെയ്യുകയും ചെയ്തു. ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ ധൈര്യം വാക്കുകൾക്കതീതമാണ്,” അദ്ദേഹം എഴുതി.

യുവതിയുടെ കുടുംബം നേരത്തെ ഒരു ആശുപത്രിയിൽ പോയെങ്കിലും അവർ സഹായം നിഷേധിച്ചതിനാൽ തിരികെ ട്രെയിനിൽ കയറാൻ നിർബന്ധിതരായെന്നും ധില്ലൻ വെളിപ്പെടുത്തി. “അന്ന് രാത്രി, രണ്ട് ജീവൻ രക്ഷിക്കാൻ ഈ മനുഷ്യൻ കാരണമായി. പലരും കാഴ്ചക്കാരായി നടന്നുപോവുകയായിരുന്നു, പക്ഷേ ഞങ്ങൾ മനുഷ്യരായതുകൊണ്ട് അതിന് കഴിഞ്ഞില്ല. ആർക്കെങ്കിലും സഹായം ചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ, അതൊരു ദൈവാനുഗ്രഹമായി കണ്ട് ചെയ്യുക, സുഹൃത്തുക്കളേ,” അദ്ദേഹം കൂട്ടിച്ചേർത്തു.