Featured Sports

നെഗറ്റീവ് ചിന്തകളെ സിക്സറടിച്ച് നിതീഷ്; ഇത് ഞാൻ കാത്തിരുന്ന നിമിഷം; കെകെആറിനെ തകർത്ത് ഹൈദരാബാദ്

കെകെആറിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡി. കൊൽക്കത്തക്കെതിരായ 65 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്ന് നിതീഷ് പറഞ്ഞു. മത്സരത്തിൽ 24 പന്തിൽ നിന്ന് 39 റൺസ് നേടിയ താരം ഹെൻറിച്ച് ക്ലാസനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ബൗളിംഗിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. താൻ ഏറെക്കാലമായി കാത്തിരുന്ന മാച്ച് വിന്നിംഗ് പ്രകടനം ശരിയായ സമയത്ത് തന്നെ പുറത്തെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നിതീഷ് വ്യക്തമാക്കി.

കഴിഞ്ഞ സീസൺ തനിക്ക് അനുകൂലമല്ലാതിരുന്നതിനാൽ മനസ്സിൽ ഒരുപാട് നെഗറ്റീവ് ചിന്തകൾ ഉണ്ടായിരുന്നതായി നിതീഷ് വെളിപ്പെടുത്തി. കഴിഞ്ഞ തവണ പന്തെറിയാൻ കഴിയാതിരുന്ന താൻ ഇത്തവണ ബൗളിംഗിൽ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലം കാണുന്നതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. തന്റെ ശരീരം ഇപ്പോൾ പൂർണ്ണ കായികക്ഷമതയിലാണെന്നും അതിന് ട്രെയിനർമാരോടും ഫിസിയോമാരോടും കടപ്പെട്ടിരിക്കുന്നുവെന്നും മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറായ 226 റൺസ് അടിച്ചെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയെ 161 റൺസിന് പുറത്താക്കിയാണ് ഹൈദരാബാദ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നിലവിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ മുതിർന്ന പേസർ ജയദേവ് ഉനദ്കട്ടും തന്റെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തി. പുറത്തുള്ളവർ എന്ത് പറയുന്നു എന്നതിലല്ല, അനുഭവസമ്പത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു.

പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തെറിഞ്ഞതാണ് വിജയത്തിന് കാരണമായതെന്ന് ഉനദ്കട്ട് വ്യക്തമാക്കി. കട്ടറുകൾ ഫലപ്രദമാകുമെന്ന് മനസ്സിലാക്കി അതിൽ തന്നെ ഉറച്ചുനിന്നു. ബാറ്റർമാരുമായുള്ള ആശയവിനിമയം പിച്ചിന്റെ സാഹചര്യം വേഗത്തിൽ മനസ്സിലാക്കാൻ ബൗളർമാരെ സഹായിച്ചു. പന്ത് പിച്ചിൽ തങ്ങി നിൽക്കുന്നുണ്ടെന്ന് ബാറ്റിംഗിനിടെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ബാറ്റർമാരുടെ നീക്കങ്ങൾക്കനുസരിച്ച് പന്തിന്റെ ആംഗിളുകളിൽ മാറ്റം വരുത്തി അവരെ ആശയക്കുഴപ്പത്തിലാക്കിയത് ഗുണകരമായെന്നും ഉനദ്കട്ട് പറഞ്ഞു.