Crime

ഭാര്യയെ കണ്ട് പിണക്കം തീർക്കാൻ 175 കി.മീ. യാത്ര, തര്‍ക്കത്തിനിടെ കഴുത്തറത്തു; യുവാവ് അറസ്റ്റിൽ

ഭുവനേശ്വര്‍: ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയുമായി പിണക്കം തീർക്കാൻ 175 കിലോമീറ്റര്‍ സഞ്ചരിച്ചെത്തിയ യുവാവ് ഭാര്യയുടെ കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. ഒഡീഷയിലെ ബാലസോർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പോത്തന മൊഹല്ല ഗ്രാമത്തിൽല്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഷെയ്ഖ് അംജദ് എന്ന യുവാവാണ് ഭാര്യയുമായുള്ള പിണക്കം മാറ്റാൻ കട്ടക്കില്‍ നിന്ന് ബാലാസോര്‍ വരെ സഞ്ചരിച്ചത്. പൊതുറോഡില്‍ വെച്ച് ഷെയ്ഖ് അംജദ് ഭാര്യയുടെ കഴുത്തറക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നത്

വീഡിയോ ദൃശ്യത്തിന്റെ തുടക്കത്തില്‍ ഭാര്യയുമായി യുവാവ് സമാധാനപരമായി സംസാരിക്കുന്നത് കാണാം. സമാധാനപരമായി സംഭാഷണങ്ങള്‍ക്കൊടുവില്‍ ഭാര്യയെ യുവാവ് ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി മുഖത്തും മുടിയിലും പിടിച്ച് വലിക്കുന്ന ഷെയ്ഖ് അംജദിനെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് ഭാര്യയുടെ മുടി പിടിച്ച് വലിച്ച ഷെയ്ഖ് അംജദ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയുടെ കഴുത്തറക്കാന്‍ ശ്രമിക്കുകയാണ്. സമീപത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോയുടെ അവസാനം ആളുകള്‍ ഭയന്ന് നിലവിളിക്കുന്നതും കേള്‍ക്കാം.

സംഭവത്തിനുശേഷം പ്രദേശത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷെയ്ഖ് അംജദിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഷെയ്ഖ് അംജദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ നിലവില്‍ കട്ടക്കിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.