ഉത്തർപ്രദേശിലെ സോൻബദ്ര ജില്ലയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതിനെത്തുടർന്ന്, ഓപ്പറേഷൻ ചെയ്ത മുറിവ് പോലും തുന്നിക്കെട്ടാതെ ഡോക്ടറും സംഘവും ആശുപത്രിയിൽ നിന്ന് ഒളിച്ചോടി. ക്രൂരമായ ഈ സംഭവത്തിൽ മരണപ്പെട്ടത് ആശാ പ്രവർത്തകയായ സീമ (34) എന്ന യുവതിയാണ്.
മേയ് 29-നാണ് സീമയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് ദേവ് നാരായൺ ഇവരെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ചില മരുന്നുകൾ നൽകിയെങ്കിലും പ്രസവം സുഗമമായില്ല. സാധാരണ രീതിയിൽ പ്രസവം നടക്കില്ലെന്ന് മനസ്സിലാക്കിയ നഴ്സ്, ഇവരോട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെടുകയും ഒരു സ്ഥാപനം നിർദേശിക്കുകയും ചെയ്തു.
എന്നാൽ നഴ്സ് പറഞ്ഞ സ്വകാര്യ ആശുപത്രിയിലെത്തിയ ഭർത്താവ് അവിടുത്തെ മോശം അവസ്ഥ കണ്ട് അത്ഭുതപ്പെട്ടു. തുരുമ്പിച്ചതും പഴകിയതുമായ ഉപകരണങ്ങൾ മാത്രമുള്ള ഒരു കെട്ടിടമായിരുന്നു അത്. എങ്കിലും മറ്റു വഴികളില്ലാത്തതിനാൽ അദ്ദേഹം അവിടുത്തെ ഡോക്ടറെ സമീപിച്ചു. രോഗിയെ രക്ഷിക്കാമെന്ന് ഉറപ്പുനൽകിയ ഡോക്ടർ നസീം സീമയെ ഉടൻ തന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി.
തുടർന്ന് കുഞ്ഞിനെ പുറത്തെടുത്ത് ഭർത്താവിനെ ഏൽപ്പിച്ചെങ്കിലും സീമയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാർ ഒന്നും പറഞ്ഞില്ല. ഏറെ നേരം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെ ദേവ് നാരായൺ തിയേറ്ററിനുള്ളിലേക്ക് കയറി നോക്കി. അവിടെ സിസേറിയൻ ചെയ്ത മുറിവ് പോലും തുന്നാതെ, തുറന്ന നിലയിൽ സീമ ഓപ്പറേഷൻ ടേബിളിൽ മരിച്ചുകിടക്കുന്നതാണ് അദ്ദേഹം കണ്ടത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ചികിത്സിച്ച ഡോക്ടർ നസീം ഒരു ബി.എ.എം.എസ് (ആയുർവേദം) ബിരുദധാരി മാത്രമാണെന്നും ഇയാൾക്ക് ശസ്ത്രക്രിയ നടത്താൻ യാതൊരു ലൈസൻസും ഇല്ലെന്നും പൊലീസ് കണ്ടെത്തി. ഏജന്റുമാർക്ക് പണം നൽകി രോഗികളെ തൻ്റെ ആശുപത്രിയിൽ എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി.
ഇതേത്തുടർന്ന് പൊലീസ് ഈ വ്യാജ ആശുപത്രി പൂട്ടിമുദ്രവെക്കുകയും സൽമ എന്ന നഴ്സിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ ഒളിവിൽ പോയ വ്യാജ ഡോക്ടർ നസീമിനെ കണ്ടെത്താനായി പൊലീസ് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.




