ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ ജീവിതം പോലെ തന്നെ ഏറെ നിഗൂഢതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ അമ്മയായ കോ യോങ് ഹുയിയുടെ ജീവിതവും. ഉത്തരകൊറിയയിൽ വിപ്ലവ നായികമാരായി ആഘോഷിക്കപ്പെടുന്ന കിം ഇൽ സുങ്ങിന്റെ ഭാര്യ കിം ജോങ് സുക്, കിം ജോങ് ഇല്ലിന്റെ അമ്മ കാങ് പാൻ സോക് എന്നിവരെപ്പോലെ കോ യോങ്-ഹുയിയെ പൊതുവേദികളിൽ ഒരിക്കലും ആദരിച്ചിട്ടില്ല.
2004-ൽ പാരീസിലെ ഒരു ആശുപത്രിയിൽ വെച്ച് സ്തനാർബുദം ബാധിച്ചാണ് അവര്‍ മരണമടഞ്ഞത്. എന്നാൽ ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ ഈ മരണവാർത്ത പുറത്തുവിട്ടില്ല. കോ യോങ് ഹുയിക്ക് ജപ്പാനുമായുണ്ടായിരുന്ന ബന്ധമാണ് അവരെ പാടേ അവഗണിക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
രാജ്യം ഭരിക്കാൻ ജനിച്ച വീരൻമാരുടെ പരിശുദ്ധമായ വംശാവലിയായ ‘പേക്തു പർവത രക്തബന്ധത്തിലാണ്’ കിം കുടുംബം ഉൾപ്പെടുന്നതെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. ഉത്തരകൊറിയയുടെയും ചൈനയുടെയും അതിർത്തിയിലുള്ള, കൊറിയൻ പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള പേക്തു പർവതത്തിൽ നിന്നാണ് തങ്ങൾക്ക് ഭരണാധികാരത്തിനുള്ള പവിത്രത ലഭിക്കുന്നതെന്നാണ് അവരുടെ വാദം. എന്നാൽ, കിം ജോങ് ഉന്നിന്റെ അമ്മ കോ യോങ് ഹുയി 1952-ൽ ജപ്പാനിലെ ഒസാക്കയിലാണ് ജനിച്ചത്.
ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിലേക്ക് കുടിയേറിയ കൊറിയൻ വംശജരായിരുന്നു അവരുടെ മാതാപിതാക്കൾ. പിന്നീട് സർക്കാർ പുനരധിവാസ പരിപാടിയുടെ ഭാഗമായി ഈ കുടുംബം ഉത്തരകൊറിയയിലേക്ക് മടങ്ങിയെത്തി. തുടക്കത്തിൽ സ്വീകരിക്കപ്പെട്ടെങ്കിലും, ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയ കൊറിയക്കാരെ പിന്നീട് രാജ്യം തരംതാഴ്ന്നവരായാണ് കണ്ടത്. ഇതാണ് കോ യോങ് ഹുയിയെക്കുറിച്ചുള്ള വിവരങ്ങൾ കൊട്ടാരം രഹസ്യമാക്കി വെക്കാൻ കാരണം.
ഒരു നർത്തകിയായിരുന്ന കോ യോങ് ഹുയിയുടെ സൗന്ദര്യത്തിലും നൃത്തത്തിലും ആകൃഷ്ടനായാണ് മുൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഇൽ അവരുമായി പ്രണയത്തിലാകുന്നത്. അക്കാലത്ത് അദ്ദേഹം സൈനിക ഉദ്യോഗസ്ഥന്റെ മകളായ കിം യങ് സൂക്കിനെ വിവാഹം കഴിച്ചിരുന്നു. കോ യോങ് ഹുയിയുമായുള്ള ബന്ധത്തിൽ കിം ജോങ് ഇല്ലിന്, കിം ജോങ് ഉൻ ഉൾപ്പെടെ മൂന്ന് കുട്ടികൾ ജനിച്ചു. എന്നാൽ ഔദ്യോഗിക ഭാര്യയല്ലാതിരുന്നതിനാൽ കോയ്ക്കും മക്കൾക്കും തലസ്ഥാന നഗരത്തിന് പുറത്തായിരുന്നു താമസമൊരുക്കിയിരുന്നത്.
കോയുടെ ജപ്പാൻ പശ്ചാത്തലം കിം കുടുംബത്തിന്റെ പവിത്രമായ രക്തബന്ധത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് ഭരണകൂടം ഭയന്നിരുന്നു . കിം ജോങ് ഉൻ എങ്ങനെ ഉത്തരകൊറിയയുടെ നേതാവായി എന്നത് അവിടുത്തെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട ചോദ്യമാണ്. കിം ജോങ് ഇല്ലിന്റെ ഔദ്യോഗിക ഭാര്യയായ കിം യങ് സൂക്കിന് രണ്ട് പെൺമക്കളാണുണ്ടായിരുന്നത്. ഉത്തരകൊറിയയിൽ വനിതാ ഭരണാധികാരികൾക്ക് പതിവില്ലാത്തതിനാൽ അവർക്ക് അധികാരത്തിൽ അവകാശവാദമുണ്ടായില്ല. അതേസമയം കിം ജോങ് ഇല്ലിന് സുങ് ഹേ രിം എന്ന മറ്റൊരു പങ്കാളിയിലുണ്ടായ മൂത്ത മകൻ കിം ജോങ് നാമിനായിരുന്നു അടുത്ത ഭരണാധികാരിയാകാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്.
എന്നാൽ, ഉത്തരകൊറിയൻ ഭരണകൂടത്തെ വിമർശിച്ചതിനെ തുടർന്ന് കിം ജോങ് നാം പിതാവുമായി അകലുകയും മക്കാവുവിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. പിന്നീട് 2017-ൽ മലേഷ്യയിൽ വെച്ച് മാരകമായ വിഷപ്രയോഗത്തിലൂടെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. കിം ജോങ് ഉന്നിന്റെ മൂത്ത സഹോദരനായ കിം ജോങ് ചുലിനെയും അടുത്ത ഭരണാധികാരിയായി പരിഗണിച്ചിരുന്നുവെങ്കിലും, കടുത്ത ലഹരി ഉപയോഗത്തെ തുടർന്ന് അദ്ദേഹത്തെയും ആ പദവിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
മറ്റു പിൻഗാമികൾ ഇല്ലാതായതോടെ, കോ യോങ് ഹുയിയുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് അവരുടെ രണ്ടാമത്തെ മകനായ കിം ജോങ് ഉൻ ഉത്തരകൊറിയയുടെ അടുത്ത പരമാധികാരിയായി അധികാരത്തിലെത്തിയത്.




