ചൈനയിലെ തെരുവുകളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ ‘ഭിക്ഷ യാചിക്കുന്നത്’ കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈദ്യുതി ബില്ല് അടയ്ക്കാനും ചാർജ് ചെയ്യാനും പണമില്ലാത്തതിനാൽ ഒരു റോബോട്ട് തെരുവിൽ ഭിക്ഷ യാചിക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“ചാർജ് ചെയ്യാൻ പണമില്ല”, “ദയവായി വൈദ്യുതി ബില്ല് അടയ്ക്കാൻ സഹായിക്കൂ” എന്ന് ഈ റോബോട്ടിനടുത്ത് വെച്ചിരുന്ന ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. കൂടാതെ റോബോട്ടിന്റെ അവസ്ഥ വിവരിക്കുന്ന ഒരു എൽഇഡി ബോർഡും ഇതിനടുത്ത് സ്ഥാപിച്ചിരുന്നു.
മുട്ടുകുത്തിയിരുന്ന്, കൈകൾ കൂപ്പി യാചിക്കുന്ന രീതിയിലാണ് റോബോട്ടിനെ തെരുവിൽ കണ്ടത്. ഈ ‘പാവം ജീവിയെ’ സഹായിക്കാൻ കുറച്ചു ആളുകൾ മുന്നോട്ട് വരികയും ചെയ്തു. പണം നൽകുന്നത് എളുപ്പമാക്കാൻ ക്യുആർ (QR) കോഡും റോബോട്ടിന് സമീപം വെച്ചിട്ടുണ്ടായിരുന്നു. വോൾക്കാനോയുടെ മുകളിലേക്ക് റോബോട്ടിനെ അയച്ച് വാർത്തകളിൽ ഇടംനേടിയ ‘യൂണിട്രീ ജി1’ (Unitree G1) എന്ന കമ്പനിയുടെ ഹ്യൂമനോയിഡ് റോബോട്ടാണ് ഇതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതൊരു തമാശയാണോ, വിചിത്രമായ ഒരു പെര്‍ഫോമന്‍സ് ആര്‍ട്ട് (കലാനിര്‍മിതി) ആണോ, അതോ പണം സമ്പാദിക്കാനുള്ള തന്ത്രമാണോ എന്നതിനൈച്ചാല്ലി സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ ആളുകൾ പലവിധത്തിലുള്ള തമാശകളുമായി രംഗത്തെത്തി. ഇതൊരു മികച്ച മാർക്കറ്റിംഗ് തന്ത്രമാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ‘ദി ഐ ഈഗിൾ’ എന്ന എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. ദിവസങ്ങളായി ചാർജ് ചെയ്തിട്ടില്ലെന്നും വൈദ്യുതിക്കായി റോബോട്ട് യാചിക്കുകയാണെന്നും കാണിച്ച് പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.
ഇത്തരം ആശയങ്ങൾ ആർക്കാണ് തോന്നുന്നത് എന്ന് ചോദിച്ച ഒരു ഉപയോക്താവ്, ചിരി അടക്കാനായില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ മിടുക്കരാണെന്നും കുറിച്ചു. ചൈനയിൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടപ്പോൾ, ഈ കമ്പനിയുടെ മാർക്കറ്റിംഗ് ബുദ്ധി അപാരം തന്നെയാണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.




