മൂവാറ്റുപുഴ: കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് യുഡിഎഫിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നു. പ്രസ്താവന പരസ്യമായി പിൻവലിക്കണമെന്ന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തിൽ നടന്ന അനുരഞ്ജന ചർച്ചയിൽ ലീഗ് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുഴൽനാടൻ അതിന് തയ്യാറായില്ല. താൻ പ്രത്യേക ലക്ഷ്യത്തോടെയല്ല അത് പറഞ്ഞതെന്നും വിഷയം രമ്യമായി പരിഹരിക്കണമെന്നുമാണ് കുഴൽനാടൻ വ്യക്തമാക്കിയത്. എന്നാൽ മാപ്പ് പറയാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം.
വിഷയം പരിഹരിക്കപ്പെടുന്നത് വരെ കുഴല്‍നാടന്റെ വിജയാഘോഷ പര്യടനങ്ങൾ നടത്തരുതെന്ന് ലീഗ് മുന്നറിയിപ്പ് നൽകി. ആഘോഷങ്ങൾ നടത്തിയാലുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങളിൽ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നും നേതാക്കൾ അറിയിച്ചു. ലീഗിന്റെ പ്രതിഷേധത്തെത്തുടർന്ന് യുഡിഎഫ് ബൂത്ത് ഭാരവാഹികൾക്കായി മാറാടിയിൽ ഒരുക്കിയിരുന്ന വിരുന്ന് ഉപേക്ഷിച്ചു. രണ്ടായിരത്തോളം പേർക്കായി തയ്യാറാക്കിയ ഭക്ഷണമാണ് ചർച്ചകൾ പരാജയപ്പെട്ടതോടെ പാഴായിപ്പോയത്.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗിന്റെ പിന്തുണ വി.ഡി. സതീശനാണെന്ന വാർത്തകളോട് പ്രതികരിക്കവെയാണ് കോൺഗ്രസിന്റെ കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്ന് കുഴൽനാടൻ പറഞ്ഞത്. ഇതോടെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മൂവാറ്റുപുഴയിൽ പരസ്യമായി രംഗത്തിറങ്ങുകയും മാത്യു കുഴൽനാടന്റെ ചിത്രം ഫ്ലക്സ് ബോർഡുകളിൽ നിന്ന് വെട്ടിമാറ്റി കത്തിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലും കുഴൽനാടനെതിരെ കടുത്ത വിമർശനങ്ങളാണ് ലീഗ് അനുയായികൾ ഉയർത്തുന്നത്. ഇതിനിടെ നടന്ന അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെട്ടത് മുന്നണിക്കുള്ളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.




