Sports

ഏഷ്യകപ്പ് കിരീടം എ.സി.സി ഓഫീസിൽ പൂട്ടിയിട്ടു! താന്‍ നേരിട്ടെത്തി മാത്രമേ കൈമാറാവൂയെന്ന് നഖ്‌വിയുടെ കർശന നിർദേശം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാനിച്ചെങ്കിലും വിവാദങ്ങള്‍ക്കു വിരാമമില്ല. ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാത്തതാണു വിവാദങ്ങള്‍ക്ക് അടിസ്ഥാനം.

ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണു കിരീടം. ട്രോഫി അവിടെനിന്നു മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി നിര്‍ദേശിച്ചിട്ടുണ്ട്. ട്രോഫി ദുബായിലെ എ.സി.സി. ഓഫീസില്‍ പൂട്ടി വെച്ച നിലയിലാണെന്നു വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. നഖ്വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ ട്രോഫി മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്നാണു നിര്‍ദ്ദേശം. താന്‍ നേരിട്ടെത്തി മാത്രമേ ഇന്ത്യന്‍ ടീമിനോ ബി.സി.സി.ഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്നാണു നഖ്വിയുടെ നിലപാട്.

ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായത്. പിന്നാലെയാണു വിവാദ സംഭവങ്ങള്‍. പാക് മന്ത്രിയും പി.സി.ബി. മേധാവിയും കൂടിയായ നഖ്വിയില്‍നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു.
പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ടീം നിലപാടെടുത്തത്. പകരം എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ഥിച്ചിരുന്നു. നഖ്വി ഈ ആവശ്യം നിരസിക്കുകയും ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. എ.സി.സി. ഉദ്യോഗസ്ഥര്‍ ട്രോഫി എടുത്തുമാറ്റുന്ന രംഗങ്ങള്‍ വൈറലായിരുന്നു. എ.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയാറായിരുന്നെന്നാണ് നഖ്വി പ്രതികരിച്ചത്.