Crime

പരാതിക്കാരിയെയും സ്വന്തം കുടുബത്തെയുമടക്കം 6 പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ പോക്സോ കേസ് പ്രതി ജീവനൊടുക്കി

ഹൈദരാബാദ്∙ തെലങ്കാനയിൽ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേരെ ദാരുണമായി കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ ഒടുവിൽ മരിച്ചനിലയിൽ കണ്ടെത്തി. രംഗാ റെഡ്ഡി സ്വദേശിയായ രാജ് കുമാർ (35) എന്നയാളാണ് മരിച്ചത്. രണ്ടു ദിവസം മുൻപ് ഇയാൾ തന്റെ ഭാര്യയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും, കൂടാതെ തനിക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അവരുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയിരുന്നു. ഈ ക്രൂരതയ്ക്ക് ശേഷം ഒളിവിൽപ്പോയ ഇയാളെ 60 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് രംഗ റെഡ്ഡിയിലെ പൻജർല ഗ്രാമത്തിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.

മരണപ്പെട്ടത് ആറുപേരെ കൊലപ്പെടുത്തിയ രാജ് കുമാർ തന്നെയാണെന്ന് പൊലീസ് കമ്മിഷണർ തരുൺ ജോഷി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൃതദേഹത്തിന് അരികിൽ നിന്നും കീടനാശിനി കുപ്പി ലഭിച്ചതിനാൽ ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി വ്യാപകമായ തിരച്ചിൽ തുടരുന്നതിനിടയിലാണ് ഗ്രാമത്തിൽ ഒരാൾ മരിച്ചുകിടക്കുന്ന വിവരം നാട്ടുകാർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. തുടർന്ന് സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം രാജ് കുമാറിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തനിക്കെതിരെ പോക്സോ പരാതി നൽകിയ പതിനേഴുകാരിയെയും കുടുംബത്തെയും പ്രതി ക്രൂരമായി വകവരുത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് സമീപത്തെ തടാകക്കരയിൽ എത്തിച്ച് കുട്ടിയെ കുത്തിക്കൊലപ്പെടുത്തി. ഇതിനുശേഷം സ്വന്തം വീട്ടിലെത്തിയ ഇയാൾ ഭാര്യ പാർവതിയെയും (30), നാലും ഒന്നരയും വയസുള്ള തന്റെ രണ്ട് മക്കളെയും വധിക്കുകയായിരുന്നു. ആറുപേരെയും താൻ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് ഫോണിലൂടെ അച്ഛനെ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *