Crime

‘കുട്ടികളുണ്ടാകുന്നില്ല, ശാരീരിക ബന്ധമില്ല, പകരം മന്ത്രവാദം, പശുവിൻ മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്തു’: മുൻ എംപിക്കെതിരെ മരുമകൾ

മുംബൈ: കുട്ടികളുണ്ടാകാൻ എന്ന പേരിൽ തന്നെ ക്രൂരമായ ആഭിചാര കർമ്മങ്ങൾക്ക് ഇരയാക്കി പീഡിപ്പിച്ചെന്ന പരാതിയുമായി ശിവസേന (യുബിടി) മുൻ എം.പി വിനായക് റാവത്തിന്റെ മരുമകൾ ഗിരിജ റാവത്ത് രംഗത്ത്. പരാതിയെത്തുടർന്ന് വിനായക് റാവത്ത്, അദ്ദേഹത്തിന്റെ മകൻ, രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെ മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.

2016-17 കാലഘട്ടത്തിൽ നടന്ന വിവാഹത്തിന് ശേഷം പശുവിൻ മൂത്രം കുടിപ്പിക്കുക, തലമുടി പിഴുതെടുക്കുക, ജീവനുള്ള കോഴി, കമ്പികൾ, പ്രത്യേക പാനീയങ്ങൾ എന്നിവ ഉപയോഗിച്ച് മന്ത്രവാദം നടത്തുക തുടങ്ങിയ അതിക്രൂരമായ കാര്യങ്ങളാണ് തനിക്ക് നേരെ ഉണ്ടായതെന്ന് ഗിരിജ ആരോപിക്കുന്നു. ഇതിനായി നിരവധി മന്ത്രവാദികളെ വീട്ടിൽ എത്തിച്ചിരുന്നതായും വിവിധതരം ഗുളികകളും മരുന്നുകളും തന്നെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്.

2018 മുതൽ താനും ഭർത്താവും തമ്മിൽ ശാരീരിക ബന്ധമില്ലായിരുന്നുവെന്നും, ഗണപതി ഉത്സവത്തിന് ശേഷം കുഞ്ഞിനായി ശ്രമിക്കാമെന്ന് നിരന്തരം പറഞ്ഞ് തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഗിരിജ പറയുന്നു. എന്നാൽ ഇതിന് പകരം ആഭിചാര കർമ്മങ്ങളാണ് വീട്ടിൽ നടന്നത്. കുടുംബത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം ഭയന്നാണ് വർഷങ്ങളോളം ഇതെല്ലാം സഹിച്ചതെന്നും, എപ്പോഴെങ്കിലും സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും അവർ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വർഷമായി ഒന്നും മിണ്ടാതെ ഭർത്താവ് ഗിതേഷ് റാവത്തിനൊപ്പം ഒരു ചെറിയ ഫ്ലാറ്റിലാണ് താൻ കഴിഞ്ഞിരുന്നതെന്ന് ഗിരിജ റാവത്ത് പറയുന്നു. ഭർത്താവിന്റെ പിതാവും മുൻ എം.പിയുമായ വിനായക് റാവത്ത് നവരാത്രിയുടെ ആദ്യ ദിവസവും അവസാന ദിവസവും മാത്രമാണ് ഇവിടെ വന്നിരുന്നത്. ബാക്കി സമയങ്ങളിലെല്ലാം അദ്ദേഹം തന്റെ രണ്ടാം ഭാര്യ എന്ന് പറയപ്പെടുന്ന സ്ത്രീക്കൊപ്പം മറ്റൊരിടത്താണ് കഴിഞ്ഞിരുന്നതെന്നും അവർ ആരോപിച്ചു. കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനം കാരണമാണ് താൻ ഇത്രയും കാലം അവിടെ തുടർന്നതെങ്കിലും ഒടുവിൽ സഹികെട്ടാണ് പോലീസിനെ സമീപിച്ചതെന്നും അവർ പറഞ്ഞു.

ഗിരിജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിനായക് റാവത്ത്, അദ്ദേഹത്തിന്റെ മകനും കോർപ്പറേറ്ററുമായ ഗിതേഷ് റാവത്ത്, ഫിറോസ് ബാബ, കാസി ബാബ എന്ന് വിളിക്കുന്ന രണ്ട് മന്ത്രവാദികൾ എന്നിവർക്കെതിരെ താനെയിലെ കപൂർബാവ്ഡി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കരിനിയമമായ അന്ധവിശ്വാസ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാൽ മരുമകളുടെ ഈ ആരോപണങ്ങളെല്ലാം വിനായക് റാവത്ത് പൂർണ്ണമായും തള്ളിക്കളഞ്ഞു. തന്റെ മകനും മരുമകളും തമ്മിൽ നിലനിൽക്കുന്ന ജീവനാംശം സംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്ന് വിനായക് റാവത്ത് അവകാശപ്പെടുന്നു. പരാതിയിൽ പറയുന്ന സംഭവങ്ങൾ 2018നും 2022നും ഇടയിൽ നടന്നതാണെന്ന് പറയുമ്പോഴും, ആ സമയത്തൊന്നും പരാതി നൽകാതിരുന്ന ഗിരിജ, കോടതിയിൽ ജീവനാംശവുമായി ബന്ധപ്പെട്ട കേസ് ആരംഭിച്ചതിന് ശേഷമാണ് പൊലീസിനെ സമീപിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റും പ്രതിമാസം രണ്ട് ലക്ഷം രൂപ ജീവനാംശവും ഗിരിജ ആവശ്യപ്പെട്ടിരുന്നുവെന്നും, തങ്ങൾ അത് നിരസിച്ചതാണ് ഇപ്പോഴത്തെ ഈ ആരോപണത്തിന് പിന്നിലെന്നും വിനായക് റാവത്ത് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *