യാത്ര ചെയ്യുന്നതിനോ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനോ ആളുകൾ പലപ്പോഴും തങ്ങളുടെ പ്രായത്തെ ഒരു കാരണമായി പറയാറുണ്ട്. എന്നാൽ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും, സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതിൽ നിന്നും ഒരു യാത്രികയെയും തടയാൻ പ്രായത്തിന് കഴിയില്ലെന്നും തെളിയിച്ചിരിക്കുകയാണ് എൺപതുകാരിയായ ഒരു അമ്മൂമ്മ. പ്രായക്കൂടുതൽ കാരണം പലരും ദീർഘയാത്രകൾക്കോ കഠിനമായ യാത്രകൾക്കോ മടിക്കുമ്പോൾ, 19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള വാഹനസഞ്ചാര യോഗ്യമായ പാതയായ ലഡാക്കിലെ ഉമ്ലിങ് ലാ പാസ്സിൽ എത്തിച്ചേർന്നാണ് ഈ വയോധിക ആയിരങ്ങൾക്ക് പ്രചോദനമായിരിക്കുന്നത്.
ഛത്തീസ്ഗഡ് ആസ്ഥാനമായുള്ള ‘ദി ട്രാവലിസ്റ്റ്’ എന്ന യാത്രാ കമ്പനി പങ്കുവെച്ച വീഡിയോയിലാണ് ഇവരുടെ ഉമ്ലിങ് ലാ പാസ്സിലേക്കുള്ള യാത്രാ ദൃശ്യങ്ങളുള്ളത്. മനസ്സിൽ യൗവനമുണ്ടെങ്കിൽ പ്രായം വെറുമൊരു നമ്പറായി മാറുമെന്ന് ഈ വീഡിയോയോടൊപ്പം അവർ കുറിച്ചു. 80-ാം വയസ്സിൽ ‘ദാദി ജി’ 19,024 അടി ഉയരമുള്ള ഉമ്ലിങ് ലാ പാസ്സിൽ എത്തിയിരിക്കുകയാണെന്നും, അവരൊരു ലക്ഷ്യസ്ഥാനത്ത് എത്തുക മാത്രമല്ല, സ്വപ്നങ്ങൾക്ക് വിരമിക്കലില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുക കൂടിയാണെന്നും പോസ്റ്റിൽ പറയുന്നു.
കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും വകവയ്ക്കാതെ ഉമ്ലിങ് ലാ പാസ്സിന്റെ പ്രശസ്തമായ ബോർഡിന് സമീപം അവർ സന്തോഷത്തോടെ നിൽക്കുന്നത് വീഡിയോയിൽ കാണാം. ഈ ഹൃദ്യമായ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവുകയും, സ്വപ്നങ്ങൾ പിന്തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഈ അമ്മൂമ്മയെന്ന് ആളുകൾ അഭിപ്രായപ്പെടുകയും ചെയ്തു. നിരവധി പേരാണ് ദാദി ജിയുടെ ഈ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം ലഡാക്ക് മേഖലയിലാണ് ഉമ്ലിങ് ലാ പാസ്സ് സ്ഥിതി ചെയ്യുന്നത്. ചിസുംലെ, ദെംചോക് എന്നീ ഉൾനാടൻ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത സമുദ്രനിരപ്പിൽ നിന്ന് 19,024 അടി ഉയരത്തിലാണ്. ഇവിടേക്ക് വായുമാർഗ്ഗവും റോഡ് മാർഗ്ഗവും എത്തിച്ചേരാം. ലേ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. ഡൽഹി ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലേയിലേക്ക് വിമാന സർവീസുകളുണ്ട്. റോഡ് മാർഗ്ഗമാണ് യാത്രയെങ്കിൽ, ലേയിൽ നിന്ന് ടാക്സി വഴിയോ സ്വന്തം വാഹനത്തിലോ ഹാൻലെ വഴി ചിസുംലെയിലേക്ക് പോകാം. ലഡാക്കിന്റെ മനോഹരമായ കാഴ്ച്ചകളിലൂടെയാണ് ഈ യാത്ര കടന്നുപോകുന്നത്.
എന്നാൽ ഉമ്ലിങ് ലാ പാസ്സിലേക്കുള്ള അവസാന ഘട്ട യാത്ര വളരെ കുത്തനെയുള്ളതും കഠിനവുമാണ്. ഉയർന്ന പ്രദേശമായതിനാൽ ഇവിടെ റോഡുകൾ മോശവും ഓക്സിജന്റെ അളവ് വളരെ കുറവുമാണ്. കൂടാതെ, ഈ വഴിയിൽ 250 കിലോമീറ്ററിലധികം ദൂരത്തേക്ക് പെട്രോൾ പമ്പുകളില്ല. ഹാൻലെ കഴിഞ്ഞാൽ ഭക്ഷണശാലകൾ ലഭ്യമല്ലാത്തതിനാൽ ആവശ്യത്തിന് കുടിവെള്ളവും ലഘുഭക്ഷണങ്ങളും കരുതേണ്ടതുണ്ട്. ഇതിനൊക്കെ പുറമെ, ഈ പാതയ്ക്ക് സമീപം വലിയ ആശുപത്രികളോ മറ്റ് മെഡിക്കൽ സൗകര്യങ്ങളോ ഇല്ല. മുകളിലേക്ക് കയറുന്നതിന് മുൻപ് തന്നെ ഫോൺ സിഗ്നലുകളും പൂർണ്ണമായും നഷ്ടപ്പെടാറുണ്ട്.




