ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേലയിലുള്ള ഒരു പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയ ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന് ആദരവോടെ വിടനൽകി ഡൽഹി പോലീസ്. ഹൃദയസ്പർശിയായ ഈ ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസുകാർക്കും നാട്ടുകാർക്കും വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. ശനിയാഴ്ച രാത്രി നരേല ശിവാജി മാർക്കറ്റിലെ എം.സി.ഡി അഗ്രസെൻ പാർക്കിലാണ് സംഭവം നടന്നത്. പാർക്കിലെ കാടുകൾക്കിടയിൽ ചത്തുകിടന്ന മയിലിന്റെ ശരീരം തെരുവ് നായ്ക്കൾ കടിച്ചുപറിക്കാൻ ശ്രമിക്കുന്ന നിലയിലായിരുന്നു.
പ്രാദേശികവാസിയായ യശ്പാൽ സിംഗും സുഹൃത്ത് ചേതൻ ശർമ്മയും രാത്രി പത്തരയോടെ പാർക്കിലൂടെ നടക്കുമ്പോഴാണ് ബുഷുകൾക്കിടയിൽ തെരുവ് നായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അടുത്തുപോയി നോക്കിയപ്പോഴാണ് കാലുകൾ വള്ളിച്ചെടികളിൽ കുടുങ്ങിയ നിലയിൽ ചത്ത മയിലിനെ കണ്ടത്. ചെടികൾക്കിടയിൽ കുടുങ്ങി പറന്നുയരാൻ കഴിയാതെ പോയ മയിൽ പിന്നീട് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായതാണെന്ന് സംശയിക്കുന്നു. ഇവർ ഉടൻ തന്നെ പോലീസിന്റെ അടിയന്തര ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് നരേല പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേന്ദ്ര മാലിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തെരുവ് നായ്ക്കളിൽ നിന്നും മയിലിന്റെ ശരീരം മാറ്റിയ പോലീസുകാർ, ദേശീയ പക്ഷിയായതിനാൽ അതിനെ ആദരവോടെ ഇന്ത്യൻ ദേശീയ പതാകയിൽ പൊതിഞ്ഞു. തുടർന്ന് നാട്ടുകാരുടെയും റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുടെയും സഹായത്തോടെ പാർക്കിനുള്ളിൽ തന്നെ കുഴിയെടുത്ത് മയിലിന്റെ സംസ്കാര ചടങ്ങുകൾ നടത്തി. പോലീസുകാരും നാട്ടുകാരും ഒത്തുചേർന്ന് മയിലിന് ആദരാഞ്ജലി അർപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. വന്യജീവികളോട് ഡൽഹി പോലീസ് കാണിച്ച ഈ കാരുണ്യത്തെയും ആദരവിനെയും പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.




