Crime

ഈ കള്ളന്‍ മോഷ്ടിക്കുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം: ഉറക്കമിളച്ച് നാട്ടുകാരും പൊലീസും, പ്രതി ‘സൈക്കോ’യെന്ന ഭീതിയില്‍ സ്ത്രീകൾ

കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന അജ്ഞാതനെ പിടികൂടാൻ കഷ്ടപ്പെടുകയാണ് പോലീസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കുഴപ്പിക്കുന്ന ഈ വിചിത്രമായ മോഷണം വലിയ വാർത്തയായിരിക്കുകയാണ്. ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാത്രികാലങ്ങളിൽ വീടുകളുടെ മതിലുകൾ ചാടിക്കടന്ന് എത്തുന്ന മോഷ്ടാവ് ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് അടിവസ്ത്രങ്ങൾ മാത്രമാണ് കവരുന്നത്. നഗരത്തിലെ പ്രധാന താമസമേഖലയായ സി.ബി.എസ് പരിസരത്താണ് ഇത്തരം സംഭവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി മോഷണം തുടരുന്നതോടെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

മറ്റ് വിലപിടിപ്പുള്ള വസ്തുക്കളൊന്നും തൊടാതെ അടിവസ്ത്രങ്ങൾ മാത്രം ലക്ഷ്യമിടുന്നത് സ്ത്രീകളിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നിൽ ഏതെങ്കിലും മാനസിക വൈകൃതമുള്ള വ്യക്തിയാകാമെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.