ബെംഗളൂരുവിലെ രാജഗോപാൽനഗറിൽ താമസിച്ചിരുന്ന 28 വയസ്സുകാരനായ തിപ്പസ്വാമിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രദുർഗ സ്വദേശിയായ യുവാവിൻ്റെ മരണത്തിന് പിന്നിൽ ലിവ്-ഇൻ പങ്കാളിയായ പ്രിയങ്കയുടെ പീഡനമാണെന്ന് ആരോപണമുണ്ട്. സാമ്പത്തിക ബാധ്യതകൾ താങ്ങാൻ കഴിയില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ് പങ്കാളി മാനസികമായി തളർത്തിയതിനെത്തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് തിപ്പസ്വാമിയും ദാവൺഗരെ സ്വദേശിയായ പ്രിയങ്കയും പരിചയപ്പെട്ടത്. ഇരുവരും ഒരേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയും ഇവർ ഒരുമിച്ച് താമസം തുടങ്ങുകയുമായിരുന്നു. പ്രിയങ്ക ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് തിപ്പസ്വാമിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പ്രിയങ്ക തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
വിവാഹിതരാണെന്ന വ്യാജേനയാണ് ഇവർ വീട് വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ പ്രിയങ്ക നേരത്തെ വിവാഹിതയായിരുന്നുവെന്നും ഭർത്താവിനെ ഉപേക്ഷിച്ചതാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ റീൽസ് ചെയ്യുന്നതിൽ അമിത താല്പര്യം കാണിച്ചിരുന്ന പ്രിയങ്ക തിപ്പസ്വാമിയെ സ്ഥിരമായി അവഗണിച്ചിരുന്നതായും പറയപ്പെടുന്നു.
പ്രിയങ്ക തിപ്പസ്വാമിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ചെലവുകൾ വഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും യുവാവിൻ്റെ കുടുംബം ആരോപിക്കുന്നു. പങ്കാളിയുടെ പീഡനത്തിൽ മനംനൊന്താണ് തിപ്പസ്വാമി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ രാജഗോപാൽ നഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.




