Featured Oddly News

കറിയിൽ പല്ലി, ‘ക്യാപ്സിക്കം’ എന്ന് കാന്റീൻകാരൻ; തെളിയിക്കാൻ പല്ലിയെ കടിച്ചു തിന്നു! വിചിത്ര സംഭവത്തിന്റെ വീഡിയോ

ഭോപ്പാലിലെ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയ (RGPV) കാന്റീനിൽ വിളമ്പിയ കറിയിൽ ചത്ത പല്ലിയെ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനിടെയാണ് ഒരു വിദ്യാർത്ഥിയുടെ പ്ലേറ്റിൽ ചത്ത പല്ലിയെ കണ്ടത്. ഉടൻ തന്നെ വിദ്യാർത്ഥികൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ സംഭവം വിവാദമാവുകയും നിരവധി പേർ കാന്റീൻ അധികൃതർക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

എന്നാൽ, ഇതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു കാന്റീൻ ജീവനക്കാരുടെ പ്രതികരണം. ഭക്ഷണത്തിൽ പല്ലിയുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികളോട് അത് പല്ലിയല്ലെന്നും കറിയിലുള്ള ‘ക്യാപ്സിക്കം’ കഷണമാണെന്നുമാണ് ജീവനക്കാർ പറഞ്ഞത്. തങ്ങളുടെ വാദം ശരിയാണെന്ന് തെളിയിക്കാൻ ഒരു ജീവനക്കാരൻ ആ കഷണം വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് എടുത്തു കഴിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രി ഡാൽ, ക്യാപ്സിക്കം കറി, ചപ്പാത്തി, ചോറ് എന്നിവയായിരുന്നു മെനുവിൽ ഉണ്ടായിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ കറിയിൽ മാറ്റം തോന്നിയ വിദ്യാർത്ഥിയാണ് വറുത്ത നിലയിൽ പല്ലിയെ കണ്ടത്. ഇതോടെ കാന്റീനിൽ വലിയ ബഹളമുണ്ടായി. മുൻപും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ തിങ്കളാഴ്ച വൈസ് ചാൻസലറുടെ ഓഫീസിൽ പരാതി നൽകി. ഏകദേശം 500-ഓളം വിദ്യാർത്ഥികൾ ദിവസവും ഭക്ഷണം കഴിക്കുന്ന പ്രധാന കാന്റീനിലാണിത് നടന്നത്. സംഭവത്തിൽ സർവകലാശാല ഭരണകൂടം എന്ത് നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.