മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന (ജൂലി) സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വിജയിനും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയ്ക്കും എതിരെ നിരന്തരം വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്തും നടി തൃഷയുമായി ബന്ധപ്പെടുത്തിയും ഡിഎംകെ അനുഭാവിയായ ജൂലി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ഇത്തരം പ്രതികരണങ്ങൾ അവർ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ വിജയിക്കും ടിവികെ പ്രവർത്തകർക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായാണ് ജൂലി രംഗത്തെത്തിയിരിക്കുന്നത്.
വിജയ് ആരാധകരുടെയും ടിവികെ പ്രവർത്തകരുടെയും കടുത്ത സൈബർ ആക്രമണവും മാനസിക പീഡനവും കാരണമാണ് തന്റെ ആദ്യ ഗർഭം അലസിപ്പോയതെന്നാണ് ജൂലി ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. ഇതിന് പൂർണ്ണ ഉത്തരവാദി ‘വിജയ് അണ്ണൻ’ ആണെന്നും അവർ പറയുന്നു. കൂടാതെ തനിക്കെതിരെ ഉയർന്ന 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് കേസിന് പിന്നിലും ടിവികെ പ്രവർത്തകരാണെന്ന് ജൂലി ആരോപിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതിനും ട്രോളുന്നതിനും എതിരെ കഴിഞ്ഞ മാസം ജൂലി എട്ട് പേർക്കെതിരെ പോലീസിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരു ടിവികെ അനുഭാവിയായ വക്കീലാണ് തനിക്കെതിരെയുള്ള വ്യാജ കേസുകൾക്ക് പിന്നിലെന്നും ഏതാനും മാസങ്ങൾക്ക് മുൻപ് വിവാഹിതയായ തനിക്ക് കടുത്ത ഓൺലൈൻ ആക്രമണം കാരണം നേരിട്ട മാനസിക സമ്മർദ്ദമാണ് ആദ്യ കുഞ്ഞിനെ നഷ്ടമാക്കിയതെന്നും ജൂലി മാധ്യമങ്ങളോട് പറഞ്ഞു. സഹതാപം പിടിച്ചുപറ്റാൻ താൻ ഇത് ഉപയോഗിക്കില്ലെന്നും, ഒരു സ്ത്രീ ടിവികെയ്ക്ക് എതിരെ സംസാരിച്ചു എന്ന കാരണത്താൽ യാതൊരു മനസ്സാക്ഷിയുമില്ലാതെ അവർ തന്റെ പേരും കുടുംബത്തെയും നശിപ്പിക്കുകയാണെന്നും ജൂലി വ്യക്തമാക്കി.
തന്റെ കുഞ്ഞ് നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണൻ തന്നെയാണെന്നും, അദ്ദേഹം ഇത് നേരിട്ട് ചെയ്തതല്ലെങ്കിലും തന്റെ ആളുകളോട് പിന്മാറാൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ ജൂലി പൊട്ടിക്കരഞ്ഞു.




