ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗ് ഡ്രെസ്സിംഗ് റൂമിലിരുന്ന് ‘വേപ്പിംഗ്’ നടത്തുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ ലൈവ് ക്യാമറയിലാണ് താരം ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പതിഞ്ഞത്.
ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ഡ്രെസ്സിംഗ് റൂമുകളിലും ഡഗ്ഔട്ടുകളിലും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 2019-ലെ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ നിർമ്മാണവും വിതരണവും ഉപയോഗവും പൂർണ്ണമായും നിരോധിച്ചതുമാണ്. നിയമലംഘനം നടത്തിയാൽ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
സാധാരണ സിഗരറ്റിനേക്കാൾ സുരക്ഷിതമാണ് വേപ്പിംഗ് എന്ന ധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിക്കോട്ടിൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയ നീരാവി ശ്വസിക്കുന്നത് ശ്വാസകോശത്തെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കും. സാധാരണ പുകയിലയേക്കാൾ കൂടുതൽ നിക്കോട്ടിൻ ചില ഇ-സിഗരറ്റുകൾ ശരീരത്തിലെത്തിക്കുന്നുണ്ട്. ഇത് വേഗത്തിൽ ഇതിന് അടിമപ്പെടാൻ കാരണമാകുന്നു. വേപ്പിംഗിലെ രാസവസ്തുക്കൾ ശ്വാസകോശത്തിന്റെ ഉൾഭാഗങ്ങളിൽ ആഴത്തിൽ പതിക്കുകയും അർബുദം , ശ്വാസകോശരോഗങ്ങൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
തുടർച്ചയായ വേപ്പിംഗ് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം ഉയർത്താനും ഇടയാക്കും, ഇത് ഹൃദയാഘാത സാധ്യത കൂട്ടുന്നു. ശ്വാസകോശത്തിലെ ചെറിയ വായു അറകളെ നശിപ്പിക്കുന്ന ‘പോപ്കോൺ ലങ്സ്’ എന്ന അവസ്ഥയിലേക്കും ഇത് നയിച്ചേക്കാം. ശാരീരിക പ്രശ്നങ്ങൾക്കു പുറമെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും നിക്കോട്ടിൻ ഉപയോഗം മൂലം ഉണ്ടായേക്കാം.
കായികതാരങ്ങൾ ഇത്തരം ശീലങ്ങളിലേക്ക് തിരിയുന്നത് അവരുടെ ശാരീരികക്ഷമതയെയും കരിയറിനെയും ദോഷകരമായി ബാധിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. വേപ്പിംഗ് ഉപേക്ഷിക്കുന്നത് എത്രയും നേരത്തെയാകുന്നോ അത്രയും മികച്ചതാണ് നിങ്ങളുടെ ഭാവി ആരോഗ്യം.




