പ്രകൃതിയിൽ മലനിരകൾക്ക് വലിയ സ്ഥാനമാണുള്ളത്. എന്നാൽ പെറുവിലെ ഈ വിസ്മയ മലനിരകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആരോ കൈകൊണ്ട് പെയിന്റ് ചെയ്തതുപോലെ മനോഹരമായ നിറങ്ങളാൽ ചുറ്റപ്പെട്ടതാണ് പെറുവിലെ ‘പാലെ പുഞ്ചു’ . സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുന്ന ഈ മലനിരകൾ ‘ഷാർപ്പ് കളേർഡ് മൗണ്ടൻ’ എന്നും അറിയപ്പെടുന്നു. പാലെ പുഞ്ചുവിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ താഴെ നൽകുന്നു.
പെറുവിലെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു പ്രകൃതി അത്ഭുതമാണ് പാലെ പുഞ്ചു. ദശലക്ഷക്കണക്കിന് വർഷങ്ങളായി മണ്ണിൽ അടിഞ്ഞുകൂടിയ ധാതുക്കളാണ് ഈ മലനിരകൾക്ക് ചുവപ്പും പച്ചയും കലർന്ന വിചിത്രമായ നിറങ്ങൾ നൽകുന്നത്. പെറുവിലെ തന്നെ പ്രശസ്തമായ ‘റെയിൻബോ മൗണ്ടനുമായി’ ഇതിനെ പലപ്പോഴും താരതമ്യം ചെയ്യാറുണ്ട്. എന്നാൽ വിനോദസഞ്ചാരികളുടെ തിരക്ക് കുറഞ്ഞ, ശാന്തമായ ഒരിടം തേടുന്നവർക്ക് പാലെ പുഞ്ചു മികച്ചൊരു ഓപ്ഷനാണ്.
സമുദ്രനിരപ്പിൽ നിന്നും ഉയർന്ന പ്രദേശത്തായതിനാൽ ഇവിടേക്കുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്ന ട്രെക്കിംഗിലൂടെ വേണം മലമുകളിൽ എത്താൻ. അവിടെനിന്നും നോക്കിയാൽ മനോഹരമായ ലാംഗുയി തടാകത്തിന്റെ ദൃശ്യങ്ങളും ആസ്വദിക്കാനാകും. സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണിത്.




