തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഘോരി സന്യാസിമാർ എത്തിയത് കൗതുകമായി. നെടുങ്കാട് ഭാഗത്ത് വീടുകൾ തോറും കയറി വോട്ട് ചോദിക്കുന്നതിനിടയിലാണ് കാറിലെത്തിയ മൂന്നംഗ സന്യാസി സംഘം സ്ഥാനാർത്ഥിയെ കാണാനെത്തിയത്. സന്യാസിമാർ അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ഏറെനേരം അവിടെ തുടരുകയും ചെയ്തു.
കാശിയിൽ തപസ്സിലായിരുന്ന തങ്ങളെ ബി.ജെ.പി സ്ഥാനാർത്ഥികളെ അനുഗ്രഹിക്കാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അയച്ചതെന്ന് ഇവർ അവകാശപ്പെട്ടു. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണത്തിൽ കൂടാൻ ഇവർ താല്പര്യം അറിയിച്ചെങ്കിലും രാജീവ് ചന്ദ്രശേഖറോ മറ്റ് പ്രവർത്തകരോ അതിന് സമ്മതം നൽകിയില്ല.
അപ്രതീക്ഷിതമായി എത്തിയ സന്യാസിമാരുടെ അനുഗ്രഹം സ്വീകരിച്ച ശേഷം രാജീവ് ചന്ദ്രശേഖർ വോട്ട് അഭ്യർത്ഥനയുമായി മുന്നോട്ട് പോയി. മണ്ഡലത്തിലെ ആവേശകരമായ പ്രചാരണത്തിനിടയിൽ നടന്ന ഈ ‘അഘോരി സന്ദർശനം’ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.




