Featured Travel

സഹികെട്ട നാട്ടുകാര്‍ ചെളി മുഴുവന്‍ മാറ്റി; കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ താമരക്കാട് പൂത്തു, മൂന്ന് പതിറ്റാണ്ടിന് ശേഷം

ലോകത്തെ തന്നെ മനോഹരമായ സ്ഥലങ്ങളിലൊന്നായിട്ടാണ് കശ്മീരിനെ കണക്കാക്കുന്നത്. തടാകവും മഞ്ഞും മലനിരകളും പൂക്കളും കൊണ്ട് സമ്പന്നമായ കശ്മീരിലെ ഏറ്റവും വലിയ തടാകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം താമരപ്പൂക്കള്‍ വീണ്ടും വിരിഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി ചെളി മൂടി ശ്വാസം മുട്ടിപ്പോയ താമരപ്പൂക്കളാണ് ഇപ്പോള്‍ സ്വതന്ത്രമായത്.

1990-ഓടെ തന്നെ തടാകത്തിന്റെ തീരപ്രദേശങ്ങളും അതുമായി ബന്ധിപ്പിച്ചിട്ടുള്ള ചതുപ്പ് നിലങ്ങളും കൃഷിയിടങ്ങളാക്കി മാറ്റിയതോടെ തടാകം വളരെയധികം ചുരുങ്ങിയിരുന്നു. 1992-ല്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കം ആയിരക്കണക്കിന് ടണ്‍ ചെളി തടാകത്തിലേക്ക് ഒഴുക്കി വിട്ടതോടെ താമരയുടെ തണ്ടുകള്‍ ചെളിക്കടിയിലായി.

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 84 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന വൂളാര്‍ തടാകം ചെളിമൂടിയതോടെ 2007 കാലഘട്ടത്തില്‍ മൂന്നിലൊന്നായി ചുരുങ്ങി. തടാകത്തിന്റെ തീരങ്ങളില്‍ കൃഷി ചെയ്യുന്ന കൈതകളാണ് കൂടുതല്‍ ചെളി അടിഞ്ഞുകൂടാന്‍ കാരണമായത്. പിന്നീട് ഇവിടം മാലിന്യം തള്ളുന്ന സ്ഥലം കൂടിയായി മാറിയതോടെ തടാകത്തിലെ മത്സ്യങ്ങളും മറ്റ് ജലജീവികളും അപ്രത്യക്ഷമായി.

ഒരു കാലത്ത് ഈ തടാകം ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗമായിരുന്നു. താമരത്തണ്ടുകള്‍ അവിടുത്തെ ആളുകളുടെ പ്രധാനപ്പെട്ട ഒരു ഭക്ഷണമായിരുന്നു. താമരത്തണ്ടുകള്‍ വിളവെടുക്കുന്ന ചെറുകിട വ്യവസായം അതിന്റെ ഉച്ചസ്ഥായിയില്‍ ഏകദേശം 5,000 തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കിയിരുന്നു. പല വിഭവങ്ങളിലും ഈ താമരത്തണ്ടുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ചെളി മൂടിയതോടെ ഇതെല്ലാം അവസാനിച്ചു.

താമരത്തണ്ടിന്റെ രുചി പഴയ ആളുകള്‍ക്ക് ഒരു ഓര്‍മ്മ മാത്രമായി ചുരുങ്ങി. കുട്ടികള്‍ക്ക് അതൊരു കഥയായി മാറി. 2020 ആയപ്പോഴേക്കും തടാകത്തിന് ചുറ്റുമുള്ള പ്രദേശവാസികള്‍ക്ക് സഹികെട്ടു. അങ്ങനെ വൂളാര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്മെന്റ് അതോറിറ്റി ചെളി നീക്കം ചെയ്യുന്നതിനുള്ള ഒരു പദ്ധതി ആരംഭിച്ചു. ഝലം നദിയും അതിന്റെ പോഷകനദികളുമാണ് തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്. അതോറിറ്റി തടാകത്തിലേക്ക് മാലിന്യം പ്രവേശിക്കുന്നത് തടയുന്നതിലും നിയന്ത്രിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു, അതിനുശേഷമാണ് തടാകത്തിലെ ചെളി നീക്കം ചെയ്യുന്നതിനുള്ള ഈ നീണ്ട പ്രക്രിയ ആരംഭിച്ചത്.

5 വര്‍ഷത്തിനിപ്പുറം, ഏകദേശം 8 ദശലക്ഷം ക്യൂബിക് മീറ്റര്‍ ചെളി നീക്കം ചെയ്തു. ഇത്രയും കാലം ചെളിക്കടിയിലായിരുന്ന താമരയുടെ വേരുകള്‍ വീണ്ടും ഉയര്‍ന്നു, 33 വര്‍ഷത്തിന് ശേഷം ആദ്യമായി താമരച്ചെടികള്‍ വീണ്ടും പൂത്തു. ഈ തടാകം ഒരു പ്രധാന പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രവും ഭൂമിയുമായുള്ള സാംസ്‌കാരിക ബന്ധവുമായി മാറിയതോടെ പലരും തങ്ങളുടെ ഇഷ്ട വിഭവമായ നദ്റു കഴിക്കാന്‍ വീണ്ടും കാത്തിരിക്കുകയാണ്.