Featured Spotlight

വിശക്കുമ്പോള്‍ ഭക്ഷണം കഴിച്ചാലെന്താണ്? വിദ്യാർഥികൾ അടികൊള്ളുമ്പോൾ ബർഗർ കഴിച്ച് ബെഞ്ചിലായ നേതാവിന്റെ പ്രതികരണം- വൈറൽ

ന്യൂഡല്‍ഹി: വക്‌താവ്‌ വിജേത ദഹിയയെ സ്‌ഥാനത്തുനിന്ന്‌ നീക്കി കോക്രോച്ച്‌ ജനതാ പാര്‍ട്ടി (സി.ജെ.പി). ഡല്‍ഹിയില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനും പോലീസ്‌ ലാത്തിച്ചാര്‍ജിനുമിടയില്‍ ദഹിയ അവിടെ നിന്നു മാറി ബര്‍ഗര്‍ കഴിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ്‌ നടപടി. വിജേതയുടേത്‌ വിവേകരഹിതമായ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി സി.ജെ.പി. അതിനെ അപലപിച്ചു.

‘സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ്‌ ക്രൂരമായ ലാത്തിച്ചാര്‍ജ്‌ നടത്തുന്ന സമയത്താണ്‌ വിജേത അവിടെനിന്നു മാറിയത്‌. ഈ പെരുമാറ്റം പ്രസ്‌ഥാനത്തിന്റെ മൂല്യങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. അസ്വീകാര്യമാണ്‌. അതിനാല്‍, അച്ചടക്ക നടപടി പ്രഖ്യാപിച്ച്‌ ദഹിയയെ വക്‌താവ്‌ സ്‌ഥാനത്തുനിന്ന്‌ നീക്കി. എല്ലാ ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കിയെന്നും പാര്‍ട്ടി വ്യക്‌തമാക്കി.

ബർഗർ കഴിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നായിരുന്നു ദാഹിയയുടെ മറുപടി. “വിശക്കുമ്പോൾ ആരെങ്കിലും ഭക്ഷണം കഴിക്കാതിരിക്കുമോ? അതിൽ തെറ്റായി ഒന്നുമില്ല. വിശപ്പിനെ ആഘോഷമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ഓരോ പൗരനും മാന്യമായ ജീവിതത്തിനും ഭക്ഷണത്തിനുമുള്ള അവകാശത്തെ ഞാൻ പിന്തുണയ്ക്കുന്നു. കുറെ സമയം ഒന്നും കഴിക്കാതിരുന്നപ്പോൾ വിശന്നതുകൊണ്ട് ബർഗർ കഴിച്ചു, അതിനാണ് ഇപ്പോൾ ആളുകൾ എന്റെ പിന്നാലെ നടക്കുന്നത്,” അദ്ദേഹം പറഞ്ഞു.

സംഭവിച്ചതിനെക്കുറിച്ച് ദാഹിയ പറയുന്നത് ഇങ്ങനെയാണ്: മാർച്ച് പൂർത്തിയാക്കി പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്ക് മടങ്ങുമ്പോൾ വീട്ടിലേക്ക് പോയതാണ്. വൈകുന്നേരം കൂടുതൽ പേർ എത്തേണ്ടതുണ്ടായിരുന്നതിനാൽ തിരികെ വരാനും പദ്ധതിയിട്ടിരുന്നു. “എല്ലാ പ്രതിഷേധക്കാർക്കും അറിയാം, ഈ സമരത്തിന് വേണ്ടി ഞാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന്. തുടർച്ചയായി 12 മണിക്കൂറിലധികം ഞാൻ ഒരേനിൽപ്പിൽ നിന്ന് വ്യാജ പ്രചാരണങ്ങളെ ചെറുത്തുതോൽപ്പിക്കുകയും, അതിഥികളെയും പ്രതിനിധി സംഘങ്ങളെയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത് സമരക്കാരുടെ കുറ്റമല്ല, മറിച്ച് എനിക്കെതിരെയുള്ള പ്രചാരണമാണ്,” എൻഡിടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തന്റെ പദവി എടുത്തുമാറ്റാനുള്ള പാർട്ടിയുടെ തീരുമാനത്തോട് പ്രതികരിച്ച ദാഹിയ, പ്രസ്ഥാനത്തിന് നല്ലതാണെങ്കിൽ അതിൽ തനിക്ക് എതിർപ്പില്ലെന്ന് വ്യക്തമാക്കി. “ഈ ഒരു തീരുമാനത്തിലൂടെ പ്രസ്ഥാനം കൂടുതൽ ശക്തമാകുമെങ്കിൽ അങ്ങനെയാകട്ടെ. അതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. വിജയേതയേക്കാൾ പ്രധാനം ഈ സമരവും അതിന് പിന്നിലെ ലക്ഷ്യവുമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സമരത്തിന് നേതൃത്വമില്ലായിരുന്നുവെന്ന ആരോപണത്തെയും ദാഹിയ തള്ളി. സർക്കാർ പ്രതിനിധിയെ കാണാൻ മറ്റ് രണ്ട് വക്താക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും പോയതിനാലാണ് താൻ അവിടെ തുടർന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സർക്കാരുമായി ചർച്ചയ്ക്ക് സമയമായപ്പോൾ സമരം താത്കാലികമായി വൈകിപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാർ അക്ഷമരായി മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതോടെയാണ് മാർച്ച് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി ജെ.പി നദ്ദയുമായി തങ്ങളുടെ നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറുകയും ചെയ്തതായി സിജെപി അറിയിച്ചു. കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിച്ച നദ്ദ, ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് വ്യക്തമാക്കിയെങ്കിലും സമരക്കാരുടെ ഭാഗത്തുനിന്നാണ് ചർച്ചയ്ക്കുള്ള നിർദ്ദേശം വന്നതെന്ന് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *