Oddly News

80 ലക്ഷം ശമ്പളം, പക്ഷേ പകുതി തുകയേ തരൂ, ബാക്കി ‘തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്’; വിചിത്ര പാക്കേജുമായി ആഫ്രിക്കൻ കമ്പനി!

ആഫ്രിക്ക ആസ്ഥാനമായുള്ള ഒരു കമ്പനി ഐഐഎം കൊൽക്കത്തയിലെ വിദ്യാർത്ഥികൾക്ക് നൽകിയ വിചിത്രമായ തൊഴിൽ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പ്രതിവർഷം 80 ലക്ഷം രൂപയുടെ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തതെങ്കിലും അതിൽ പകുതി തുകയും ‘കിഡ്‌നാപ്പിംഗ് ഇൻഷുറൻസിനായി’ (തട്ടിക്കൊണ്ടുപോകൽ ഇൻഷുറൻസ്) മാറ്റിവെച്ചതാണ് എല്ലാവരെയും ഞെട്ടിച്ചത്. പ്രശസ്ത പോഡ്കാസ്റ്റർ കുശാൽ ലോധയാണ് സംരംഭകനായ അമൻ ദത്തർവാളുമായുള്ള സംഭാഷണത്തിനിടെ ഈ സംഭവം വെളിപ്പെടുത്തിയത്.

കമ്പനി വാഗ്ദാനം ചെയ്ത 80 ലക്ഷത്തിൽ 40 ലക്ഷം രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുക. ബാക്കി 40 ലക്ഷം രൂപ ജീവനക്കാരനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ മോചനദ്രവ്യമായി നൽകാനുള്ള ഇൻഷുറൻസായാണ് കമ്പനി കണക്കാക്കുന്നത്. ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ തട്ടിക്കൊണ്ടുപോകലുകൾ പതിവായതിനാലാണ് ഇത്തരമൊരു ഇൻഷുറൻസ് തുക ശമ്പള പാക്കേജിന്റെ ഭാഗമാക്കിയതെന്ന് കുശാൽ ലോധ പറഞ്ഞു. കമ്പനികൾ നൽകുന്ന ആകെ തുകയും കയ്യിൽ കിട്ടുന്ന ശമ്പളവും (In-hand salary) തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ഉദാഹരണം പങ്കുവെച്ചത്.

രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. തന്റെ ഒരു സുഹൃത്തിന് ഇത്തരമൊരു ഓഫർ ലഭിച്ചിട്ടുണ്ടെന്നും പരമാവധി രണ്ട് തവണ തട്ടിക്കൊണ്ടുപോയാൽ മാത്രമേ ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂ എന്ന് അതിൽ നിബന്ധനയുണ്ടായിരുന്നുവെന്നും ഒരാൾ കുറിച്ചു. ആരെങ്കിലും ഈ ജോലിയിൽ പ്രവേശിച്ചോ എന്ന് ചിലർ ചോദിച്ചപ്പോൾ, സുഹൃത്തുക്കളുമായി ചേർന്ന് പ്ലാൻ ചെയ്ത് തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചാൽ ഈ പണം കിട്ടുമോ എന്നായിരുന്നു മറ്റുചിലരുടെ തമാശ കലർന്ന ചോദ്യം. ഐഐഎം കൊൽക്കത്ത പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ വലിയ കമ്പനികൾ പ്ലേസ്‌മെന്റിനായി എത്താറുണ്ടെങ്കിലും ഇത്രയും വിചിത്രമായ ഒരു നിബന്ധന ഇതാദ്യമായാണ് പുറത്തുവരുന്നത്.