Featured Oddly News

ലോകം യുദ്ധമുനയില്‍; ഹിറ്റ്‌ലർക്ക് ഗാന്ധിജി അയച്ച കത്ത് വീണ്ടും ചർച്ചയാകുന്നു!

ലോകത്ത് യുദ്ധഭീഷണിയും രാഷ്ട്രീയ പ്രതിസന്ധികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, 1839-ൽ മഹാത്മാഗാന്ധി അഡോൾഫ് ഹിറ്റ്‌ലർക്ക് എഴുതിയ ചരിത്രപ്രധാനമായ കത്ത് വീണ്ടും ചർച്ചയാകുന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് ആഴ്ചകൾക്ക് മുൻപാണ് ഗാന്ധിജി ഈ കത്തയച്ചത്. അക്കാലത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്‌ലറെ ‘പ്രിയ സുഹൃത്തേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. അഹിംസയിലൂന്നിയ ഗാന്ധിയൻ ആശയങ്ങൾ ആ കത്തിന്റെ വരികളിൽ ഉടനീളം പ്രകടമായിരുന്നു.

1939 ജൂലൈ 23-നാണ് ഈ കത്തെഴുതിയത്. മാനവികതയുടെ നന്മയ്ക്ക് വേണ്ടി താൻ കടമ നിർവ്വഹിക്കുകയാണെന്ന് ഗാന്ധിജി കത്തിൽ സൂചിപ്പിച്ചു. “ലോകത്തെ അപരിഷ്കൃതമായ അവസ്ഥയിലേക്ക് നയിക്കാൻ പോകുന്ന ഒരു യുദ്ധം തടയാൻ കഴിയുന്ന ഏക വ്യക്തി നിങ്ങളാണ്” എന്ന് അദ്ദേഹം ഹിറ്റ്‌ലറെ ഓർമ്മിപ്പിച്ചു. യുദ്ധമില്ലാത്ത ഒരു ലോകത്തിന് വേണ്ടി താൻ നടത്തുന്ന അഭ്യർത്ഥന കേൾക്കണമെന്നും, കത്തെഴുതിയതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വളരെ വിനയത്തോടെ അദ്ദേഹം കുറിച്ചു.

അമേരിക്കയും ഇറാനും ഇസ്രായേലും ഉൾപ്പെട്ട നിലവിലെ ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പഴയ കത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്. ചരിത്രത്തിലെ യുദ്ധങ്ങളും ഇന്നത്തെ അവസ്ഥയും തമ്മിൽ പലരും ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്.

ഹിറ്റ്‌ലറെപ്പോലൊരാളോട് ഗാന്ധിജി സ്വീകരിച്ച മൃദുവായ സമീപനത്തെ ചിലർ വിമർശിക്കുമ്പോൾ, ശത്രുവിനോട് പോലും സംവാദത്തിന്റെ വഴി തേടണമെന്ന അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തിന്റെ തെളിവാണിതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. യുദ്ധം മനുഷ്യരാശിക്ക് വരുത്തിവെക്കുന്ന വലിയ നാശനഷ്ടങ്ങളെക്കുറിച്ച് ഗാന്ധിജി അന്ന് നൽകിയ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണെന്നാണ് ഈ കത്ത് ഓർമ്മിപ്പിക്കുന്നത്.