അമേരിക്കയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 27-ന് രാജിത സബ്ബിനേനി (27) എന്ന യുവതി മരിച്ച സംഭവത്തിലാണ് ഭർത്താവ് അവിനാഷ് നാർണയെ ബെൽവ്യു പൊലീസ് പിടികൂടിയത്.
ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് രാജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, അവൾ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്നും വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞ് അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് രാജിതയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്.
യുവതി മരിച്ചുവെന്ന് ഉറപ്പായതോടെ പൊലീസ് അവിനാഷിനെ ചോദ്യം ചെയ്തു. താൻ പുറത്തുപോയി തിരികെ വന്നപ്പോൾ ഭാര്യ ബാത്റൂമിൽ കയറിയതാണെന്നും പിന്നീട് വാതിൽ തുറന്നില്ലെന്നുമായിരുന്നു അവിനാഷിന്റെ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവിനാഷ് പുറത്തുപോയ സമയത്ത് മറ്റ് ആരും അപ്പാർട്ട്മെന്റിലേക്ക് വന്നിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി.
സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരുന്ന പൊലീസ്, അവിനാഷിനെ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ റിപ്പോർട്ട് വന്നപ്പോഴാണ് കഴുത്തുഞെരിച്ചതു മൂലമുള്ള ശ്വാസംമുട്ടലാണ് മരണകാരണമെന്ന് തെളിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവിനാഷിന് മറ്റൊരു ഇന്ത്യൻ യുവതിയുമായി വർഷങ്ങളായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതിനിടയിലാണ് 2025 ജൂൺ 5-ന് ഇയാൾ രാജിതയെ വിവാഹം കഴിക്കുന്നത്. ഈ കല്യാണത്തിന് അവിനാഷിന്റെ കാമുകിയും എത്തിയിരുന്നതായി വിവാഹ ആൽബത്തിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നിരുന്നു.
കൊലപാതകം നടന്ന ദിവസം അവിനാഷ് പലതവണ കാമുകിയെ ഫോണിൽ വിളിക്കുകയും, ഭാര്യയെ കൊന്ന ശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് കയ്പ്പ് അനുഭവപ്പെടുന്നുണ്ടെന്ന് കാണിച്ച് രാജിത ഭർത്താവിന് അയച്ച മെസേജുകളും പൊലീസിന് ലഭിച്ചു. മരിച്ച ദിവസം കഴിച്ച ഭക്ഷണത്തിന് മരുന്നിന്റെ രുചിയായിരുന്നുവെന്നാണ് രാജിത അവിനാഷിന് സന്ദേശം അയച്ചിരുന്നത്.




