വാഷിങ്ടണ്‍: ഹോളിവുഡ് താരം ചക്ക് നോറിസ്(86) അന്തരിച്ചു. ഹവായിയില്‍ അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് വിയോഗമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
1980കളിലെ ‘വാക്കര്‍, ടെക്സസ് റേഞ്ചര്‍’, ‘ദ് ഡെല്‍റ്റ ഫോഴ്സ്’ തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെയാണു നോറിസ് പ്രശസ്തനായത്. മികച്ച ആയോധന കലാകാരനും ഫിറ്റ്നസ് ഗുരുവും കൂടിയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍, അദ്ദേഹം ഒരു പരിശീലന വീഡിയോ പങ്കുവച്ചിരുന്നു.
‘എനിക്ക് പ്രായമാകുന്നില്ല. ഞാന്‍ ലെവല്‍ അപ്പ് ചെയ്യുന്നു. ഇന്ന് എനിക്ക് 86 വയസ്സായി!’ – അദ്ദേഹം കുറിച്ചു. ‘മറ്റൊരു വര്‍ഷം, നല്ല ആരോഗ്യം, ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ലഭിച്ച അവസരം എന്നിവയ്ക്ക് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരാധകര്‍ക്ക് എന്റെ സ്നേഹം. നിങ്ങളുടെ പിന്തുണ എനിക്ക് വളരെ വിലപ്പെട്ടതാണ്. ദൈവം അനുഗ്രഹിക്കട്ടെ’- എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദേശം.
അടുത്തിടെയായി അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നിരുന്നെങ്കിലും ‘ദ് എക്സ്പന്ഡബിള്സ് 2’ പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
1940ല്‍ ഒക്ലഹോമയിലാണ് നോറിസ് ജനിച്ചത്. 1958 മുതല്‍ 1962 വരെ യു.എസ്. എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചു. 1989ല്‍ ഹോളിവുഡ് അരങ്ങേറ്റം. ഫിറ്റ്നസ്, ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഡയാന് ഹോളിചെക്ക് ഡിസംബറില്‍ അന്തരിച്ചു. 1958ല്‍ വിവാഹിതരായ ഇവര്‍ക്ക് മൈക്ക് (നടന്), നാസ്കാര്‍ ചാമ്പ്യന്‍ എറിക് നോറിസ് എന്നിവരാണു മക്കള്‍. 1988ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അതേ വര്‍ഷം അദ്ദേഹം രണ്ടാം ഭാര്യ ജീന ഒകല്ലിയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ഇരട്ടകളായ ഡക്കോട്ട, ഡാനില്‍ എന്നിവരാണു മക്കള്‍. 1962ലെ ഒരു വിവാഹേതര ബന്ധത്തിലും അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു.




