Oddly News

‘ഇന്ത്യ ജീവിക്കുന്നത് 2050-ൽ’; ഇന്ത്യൻ ആരോഗ്യമേഖലയുടെ വേഗത കണ്ട് അമ്പരന്ന് റഷ്യൻ സുന്ദരി

ഇന്ത്യയിലെ മെഡിക്കൽ പരിശോധനാ സൗകര്യങ്ങളെ പ്രശംസിച്ച് ഒരു റഷ്യൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. “ഇന്ത്യ ജീവിക്കുന്നത് 2050-ലാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, തനിക്ക് പെട്ടെന്ന് ഒരു രക്തപരിശോധന നടത്തേണ്ടി വന്നതിനെക്കുറിച്ച് ക്സേനിയ വിവരിക്കുന്നുണ്ട്. സാധാരണയായി ഇത്തരം പരിശോധനകൾക്കായി രാവിലെ ഭക്ഷണം കഴിക്കാതെ ക്ലിനിക്കുകളിൽ പോകേണ്ടി വരാറുണ്ട്. എന്നാൽ അതിനുപകരം അവർ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഒരു സർവീസ് ആണ് തിരഞ്ഞെടുത്തത്. ഒരു ലാബ് ടെക്നീഷ്യൻ പരിശോധനാ കിറ്റുമായി അവരുടെ വീട്ടിലെത്തി രക്തസാമ്പിൾ ശേഖരിക്കുകയായിരുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനങ്ങൾ കാലത്തിന് എത്രയോ മുൻപേ സഞ്ചരിക്കുന്നതാണെന്ന് ക്സേനിയ അഭിപ്രായപ്പെട്ടു. മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെയുള്ളവ ഇത്രയധികം സൗകര്യപ്രദമായി ലഭ്യമാകുന്നത് സമാനതകളില്ലാത്ത കാര്യമാണെന്നും അവർ എടുത്തുപറഞ്ഞു. രാവിലെ എഴുന്നേറ്റയുടൻ തന്നെ വീട്ടിൽ ആളെയെത്തിച്ച് രക്തം പരിശോധിക്കാൻ കഴിഞ്ഞതിനാൽ, ഒരു ബുദ്ധിമുട്ടുമില്ലാതെ അതിനുശേഷം ഉടൻ തന്നെ ഭക്ഷണം കഴിക്കാൻ സാധിച്ചതായി അവർ പറഞ്ഞു. സ്വന്തം നാടായ റഷ്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും, റഷ്യയിലാണെങ്കിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത്, രാവിലെ തന്നെ ഭക്ഷണം കഴിക്കാതെ ക്ലിനിക്കിൽ പോകേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. വിശന്നിരിക്കുമ്പോൾ തനിക്ക് കടുത്ത ദേഷ്യം വരുമെന്നും ക്സേനിയ തമാശയായി പറഞ്ഞു. ഈ വീഡിയോ ഇതിനോടകം തന്നെ ഒന്നര ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ഒരു വിദേശി ഇന്ത്യയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെ പ്രശംസിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം, ലിസ എന്ന യൂറോപ്യൻ യാത്രികയും ഇന്ത്യയിലെ വേഗതയേറിയതും ലളിതവുമായ മെഡിക്കൽ പരിശോധനകളെ അഭിനന്ദിച്ചിരുന്നു. കേവലം 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലങ്ങൾ വാട്സാപ്പിൽ ലഭിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത്. ഈ സേവനത്തിനായി ഏകദേശം 72 യൂറോയോളമാണ് അവർക്ക് ചിലവായത്. ഇത് അല്പം ചിലവേറിയതാണെങ്കിലും, ഏറ്റവും അടുത്തുള്ള ക്ലിനിക്കിൽ നിന്ന് വളരെ വേഗത്തിലും ലളിതമായും പരിശോധനകൾ പൂർത്തിയായെന്നും, 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ വാട്സാപ്പിൽ എത്തിയെന്നും അവർ വ്യക്തമാക്കി. ഇതിലും സങ്കീർണ്ണമായ രീതിയിലാണ് പലയിടത്തും താൻ കോഫി ഓർഡർ ചെയ്യാറുള്ളതെന്നും അവർ തമാശ രൂപേണ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *