വിദേശത്തുനിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് പലർക്കും പല കാരണങ്ങള്‍കൊണ്ടും വലിയൊരു സമാധാനവും ആശ്വാസവുമാണ് . യുകെയിൽ ജോലി ചെയ്യുന്ന 25 കാരനായ വിഷ്ണു വിദ്യാധരൻ എന്ന കണ്ടന്റ് ക്രിയേറ്റർ, ലണ്ടനിൽ നിന്ന് കേരളത്തിലെ തന്റെ ഗ്രാമത്തിലെത്തുമ്പോൾ അനുഭവിക്കുന്ന ശാന്തവും ലളിതവുമായ ജീവിതമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ കാണിക്കുന്നത്.
പച്ചനിറഞ്ഞ നെൽവയലുകളുടെ മനോഹരമായ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ മാതാപിതാക്കൾ ഇപ്പോഴും അവിടെ പച്ചക്കറികളും ഫലവർഗ്ഗങ്ങളും സ്വയം ഉത്പാദിപ്പിച്ച് ജീവിക്കുന്ന രീതി അദ്ദേഹം വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. അവരുടെ വീട്ടുപറമ്പിൽ വാഴ, അവോക്കാഡോ, ചക്ക, കാരമ്പോള (സ്റ്റാർ ഫ്രൂട്ട്), പലതരം മാങ്ങകൾ എന്നിവയെല്ലാം വിളഞ്ഞുനിൽക്കുന്നുണ്ട്.
നാടൻ ഭക്ഷണങ്ങളുടെ രുചിയും ഗ്രാമീണ ജീവിതത്തിന്റെ പതുക്കെയുള്ള താളവുമാണ് ഈ വീഡിയോയുടെ പ്രധാന ആകർഷണം. രാവിലെ പ്രഭാതഭക്ഷണമായി കഞ്ഞിയും പയറും കഴിക്കുന്ന ദൃശ്യങ്ങൾ വിഷ്ണു പങ്കുവെച്ചിട്ടുണ്ട്. പിന്നീട്, കായലിൽ നിന്ന് പിടിച്ച ഫ്രഷ് കക്കയും ഞണ്ടുമൊക്കെ വീട്ടിലെത്തിച്ച്, അമ്മ സ്വാദിഷ്ടമായ ഒരു കേരളീയ ഉച്ചഭക്ഷണം തയ്യാറാക്കുന്നതും കാണാം.
കൂട്ടുകാർക്കൊപ്പം തെളിഞ്ഞ കുളത്തിൽ നീന്തിത്തുടിക്കുന്നതും, നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട്ടു വീടുകൾ സന്ദർശിക്കുന്നതും, അതിനുള്ളിലെ പഴയ ഭൂഗർഭ അറകൾ കണ്ടെത്തുന്നതുമെല്ലാം നാട്ടിലെ ലളിതവും എന്നാൽ മനോഹരവുമായ അനുഭവങ്ങളായി അദ്ദേഹം വിവരിക്കുന്നുണ്ട്. വൈകുന്നേരത്തെ ഒരു പ്രാദേശിക ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ, വിഷ്ണു പ്രവാസി ജീവിതത്തിന്റെ വൈകാരികമായ വശത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത്തരം ഒരു ജീവിതം ഉപേക്ഷിച്ച് ആരെങ്കിലും വിദേശത്തേക്ക് പോകുമോ എന്ന് അദ്ദേഹം കാണികളോട് ചോദിക്കുന്നു. ആ നിമിഷത്തിൽ തനിക്ക് ഒരുതരം കുറ്റബോധം തോന്നിയതായും അദ്ദേഹം തുറന്നുപറയുന്നു.
നാട്ടിൽ നിന്നും കുടുംബത്തിൽ നിന്നും അകന്ന് വിദേശത്ത് കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ, യുവാക്കൾക്ക് സ്വന്തം വികാരങ്ങളിൽ എത്രത്തോളം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, കുടുംബത്തോടൊപ്പമുള്ള ഒരു ശാന്തമായ നിമിഷത്തോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്.




