ഹൈദരാബാദ്: പൂച്ചയെ വളര്‍ത്താനുള്ള ആഗ്രഹം കുടുംബം എതിര്‍ത്തതിനെ തുടര്‍ന്ന് 23 വയസുകാരിയായ ഡോക്‌ടര്‍ ജീവനൊടുക്കി. ഹൈദരാബാദിലെ അല്‍വാള്‍ സ്വദേശി ടി. പ്രിന്‍സി(ശ്രേഷ്‌ഠ)യാണു മരിച്ചത്.
അമ്മയ്‌ക്കും മുത്തശിക്കുമൊപ്പമാണു പ്രിന്‍സി താമസിച്ചിരുന്നത്. കുറച്ച് ആഴ്‌ചകള്‍ക്ക് മുമ്പ് അവര്‍ വീട്ടില്‍ ഒരു പൂച്ചയെ കൊണ്ടുവന്നിരുന്നു. അതിന് ശേഷം അവര്‍ക്ക് നിരന്തമായി ജലദോഷവും ചുമയും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നു കുടുംബം പൂച്ചയെ വീട്ടില്‍നിന്നു മാറ്റാന്‍ ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ പ്രിന്‍സി വീട്ടുകാരുമായി പിണങ്ങി.അമ്മയും മുത്തശിയും വീടിനു പുറത്തുപോയ സമയത്ത് അവര്‍ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണം കുടുംബത്തര്‍ക്കങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് അറിയിച്ചു.
പ്രിന്‍സി അടുത്തിടെ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കുകയും ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുകയുമായിരുന്നു. മെഡിക്കല്‍ ലൈസന്‍സിനായി അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.




