ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിൽ സർക്കാർ ഉദ്യോഗസ്ഥയായ 35 വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എച്ച്ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഏപ്രിൽ 2-ന് ഉച്ചയ്ക്ക് വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. അകത്ത് കടന്ന ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി അറിയിച്ചതോടെ, പ്രതി അങ്ങേയറ്റം ക്രൂരമായി പെരുമാറുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. ക്രൂരകൃത്യത്തിന് ശേഷം ഇയാൾ അവിടെ നിന്ന് കടന്നുകളഞ്ഞു.
ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന് അവശയായ നിലയിൽ യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദഗ്ധ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.
പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. കുറ്റവാളിക്കെതിരെ കർശന നടപടി വേണമെന്ന് പ്രാദേശിക ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്.




