വാടകയ്ക്കെടുത്ത റോൾസ് റോയ്സ് കാറിൽ ചായ വിൽപന നടത്തി സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ മനുഷ്യന്. ഇൻസ്റ്റാഗ്രാമിൽ ‘ഡീലക്സ് ഭയ്യാജി’ എന്ന പേജിലൂടെ പങ്കുവെച്ച ഈ വീഡിയോയിൽ, ആഡംബരവും സാധാരണക്കാരന്റെ ചായയും തമ്മിൽ കൂട്ടിയിണക്കിയുള്ള ഒരു ബിസിനസ് പരീക്ഷണമാണ് ഇയാൾ നടത്തിയത്.
ഒരു ലക്ഷം രൂപയ്ക്കാണ് ഇയാൾ റോൾസ് റോയ്സ് കാർ വാടകയ്ക്കെടുത്തത്. തുടർന്ന് ഒരു ചായക്കടക്കാരനുമായി കരാറിലേർപ്പെടുകയും പോസ്റ്ററുകൾ അടിച്ച് ആളുകളെ ആകർഷിക്കുകയും ചെയ്തു. “റോൾസ് റോയ്സിനുള്ളിലിരുന്ന് ചായ കുടിച്ചിട്ടുണ്ടോ?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് 1000 രൂപയ്ക്ക് കാറിനുള്ളിലിരുന്ന് ചായ ആസ്വദിക്കാനുള്ള അവസരമാണ് ഇയാൾ നൽകിയത്. കൂടാതെ ഒരു കപ്പ് ചായയ്ക്ക് 300 രൂപയും ഈടാക്കി. ചായ കുടിക്കാൻ വരുന്നവരെ റോൾസ് റോയ്സിന്റെ കുട ചൂടി സ്വീകരിക്കുന്നതും ആഡംബര കാറിനുള്ളിലിരുന്ന് അവർ കുങ്കുമപ്പൂവ് ചേർത്ത ചായ കുടിക്കുന്നതും വീഡിയോയിൽ കാണാം.
എങ്കിലും, വലിയ ശ്രദ്ധ നേടിയ ഈ പരീക്ഷണം സാമ്പത്തികമായി ലാഭമുണ്ടാക്കിയില്ല. കാർ വാടകയും മറ്റ് ചിലവുകളും ചേർത്ത് ആകെ 1,08,000 രൂപ ചെലവായപ്പോൾ വരുമാനമായി ലഭിച്ചത് 88,400 രൂപ മാത്രമാണ്. അതായത് ഏകദേശം 20,000 രൂപയുടെ നഷ്ടം . എങ്കിലും ആളുകളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ തനിക്ക് സംതൃപ്തിയുണ്ടെന്ന് ഇയാൾ പറഞ്ഞു. ‘റോയൽ ചായ്’ എന്ന പേരിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ലാഭമുണ്ടാക്കിയില്ലെങ്കിലും തന്റെ പരാജയം സത്യസന്ധമായി തുറന്നുപറയാൻ കാണിച്ച മനസ്സിനെ പലരും അഭിനന്ദിച്ചു. ലാഭത്തേക്കാൾ ഉപരി ഇതൊരു വേറിട്ട അനുഭവമാണ് നൽകിയതെന്നും ആളുകൾ അഭിപ്രായപ്പെട്ടു.




