Featured Oddly News

വെയിലിൽ നിന്ന് രക്ഷപ്പെടാൻ തലയിൽ ‘പാൽപ്പാത്രം’! ഒടുവിൽ പണി പാളി, വീഡിയോ വൈറൽ

രാജസ്ഥാനിലെ കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ തലയിൽ സ്റ്റീൽ പാത്രം (പാൽ കാൻ) കവചമായി വെച്ച യുവാവ് ഒടുവിൽ പുലിവാലുപിടിച്ചു. ഹെൽമെറ്റിന് പകരമായി പാൽ പാത്രം തലയിൽ ഉറപ്പിച്ചെങ്കിലും പിന്നീട് അത് പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങിപ്പോകുകയായിരുന്നു. വെയിലിൽ നിന്ന് രക്ഷപ്പെടാൻ ചെയ്തതാണെന്നും അതല്ല സോഷ്യൽ മീഡിയ റീൽസിന് വേണ്ടി ചെയ്തതാണെന്നും പല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോഡരികിൽ തലയിൽ വലിയൊരു പാത്രവുമായി നിൽക്കുന്ന ഇയാളെ സഹായിക്കാൻ നാട്ടുകാർ ഓടിക്കൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇടുങ്ങിയ വായവട്ടമുള്ള പാത്രം തലയ്ക്കുള്ളിലേക്ക് എളുപ്പത്തിൽ കയറിയെങ്കിലും പിന്നീട് ഊരിയെടുക്കാൻ സാധിക്കാത്ത അവസ്ഥയിലായി. ചിലർ പരിഹസിച്ചും മറ്റു ചിലർ ഇയാളെ സഹായിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. യുവാവിന് മറ്റ് പരിക്കുകളൊന്നുമില്ലെങ്കിലും പാത്രം കുടുങ്ങിയത് കാരണം ശ്വാസം മുട്ടുന്ന അവസ്ഥയിലായിരുന്നു.

ഈ വർഷം രാജസ്ഥാനിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും താപനില 44 ഡിഗ്രി കടന്നു. കടുത്ത ചൂടിൽ സാധാരണ ഹെൽമെറ്റുകൾ പെട്ടെന്ന് ചൂടാകുന്നത് കൊണ്ട് ഇത്തരം വിചിത്രമായ മാർഗങ്ങൾ പലരും പരീക്ഷിക്കാറുണ്ട്. മുൻപ് ജോധ്പൂരിൽ ഒരു യുവാവ് ചൂടിൽ നിന്ന് രക്ഷപ്പെടാൻ തന്റെ സ്കൂട്ടറിൽ ഷവർ ഘടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഹെൽമെറ്റ് ഇല്ലാതെ പെട്രോൾ അടിക്കില്ല എന്ന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ പാൽ പാത്രത്തിന്റെ മൂടി തലയിൽ വെച്ച് പെട്രോൾ പമ്പിലെത്തിയ പാൽക്കാരന്റെ വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് ആ പെട്രോൾ പമ്പ് അധികൃതർ 24 മണിക്കൂർ നേരത്തേക്ക് പൂട്ടിയിരുന്നു.