ജോലി പോയതിനെത്തുടർന്ന് തമാശരൂപേണ തുടങ്ങിയ ഒരു കാര്യം ലോകത്തെ ഞെട്ടിച്ച ഒരു ബിസിനസ്സ് ആശയമായി മാറിയിരിക്കുകയാണ്. ഫിലാഡൽഫിയ സ്വദേശിയായ നിക്ക് ഗ്രീനവാൾട്ട് എന്ന യുവാവാണ് തന്റെ വീട്ടിലെ ടോയ്‌ലറ്റിൽ പരസ്യത്തിനായി സ്ഥലം വിൽക്കാൻ തുടങ്ങിയത്. ഇപ്പോൾ ലോകപ്രശസ്ത ബ്രാൻഡുകൾ പോലും ഇയാളുടെ ബാത്ത്റൂമിൽ പരസ്യം നൽകാൻ ക്യൂ നിൽക്കുകയാണ്. “ജോലിയില്ലാത്തവരിൽ വിരുതൻ. ടോയ്‌ലറ്റിലൂടെ 10 ലക്ഷം ഡോളർ സമ്പാദിക്കാനുള്ള ശ്രമത്തിലാണ് ഞാൻ,” എന്നാണ് നിക്ക് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ക്ലോറോക്സ് (Clorox), പൈൻ-സോൾ (Pine-Sol) തുടങ്ങിയ വമ്പൻ കമ്പനികൾ ഇതിനോടകം തന്നെ നിക്കിന്റെ ടോയ്‌ലറ്റിൽ പരസ്യം നൽകിക്കഴിഞ്ഞു. മൂൺപേ (MoonPay) എന്ന ക്രിപ്‌റ്റോ കമ്പനി തങ്ങളുടെ വാർഷിക പരസ്യ ബജറ്റിന്റെ വെറും 0.05 ശതമാനം മാത്രം ചിലവാക്കി ഈ ടോയ്‌ലറ്റിൽ പരസ്യം നൽകിയപ്പോൾ അവർക്ക് ലഭിച്ചത് പത്ത് ലക്ഷത്തിലധികം വ്യൂസും ആയിരക്കണക്കിന് പുതിയ ഫോളോവേഴ്സുമാണ്. ഒരു അപരിചിതന്റെ ടോയ്‌ലറ്റിൽ പരസ്യം നൽകിയത് തങ്ങൾക്ക് വലിയ ലാഭമുണ്ടാക്കിയെന്ന് കമ്പനിയും സാക്ഷ്യപ്പെടുത്തുന്നു.
സോഷ്യൽ മീഡിയയിൽ നിക്കിന്റെ വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചില വീഡിയോകൾ 40 മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഇതൊരു പുതിയ തരം കലയാണെന്നും സർഗ്ഗാത്മകമായ ചിന്തയിലൂടെ സോഷ്യൽ മീഡിയയിൽ നിന്ന് എങ്ങനെ പണം സമ്പാദിക്കാമെന്നതിന് ഇതൊരു ഉദാഹരണമാണെന്നും ആളുകൾ അഭിപ്രായപ്പെടുന്നു. തമാശയായി തുടങ്ങിയ ഈ കാര്യം നിക്കിന്റെ കരിയർ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ആധുനിക കാലത്തെ പരസ്യ വിപണന രീതികളെ തന്നെ വെല്ലുവിളിക്കുന്ന ഈ “ടോയ്‌ലറ്റ് മാർക്കറ്റിംഗ്” ഇപ്പോൾ ഇന്റർനെറ്റിലെ ഹോട്ട് ടോപ്പിക്കാണ്.




