Crime

സൈബര്‍ തട്ടിപ്പ് വിദഗ്ധന്‍; കോടികളുമായി പൊലീസുകാരിയായ കാമുകിയുമായി എസ്.ഐ ഒളിച്ചോടി!

ന്യൂഡൽഹി: നിരവധി സൈബർ തട്ടിപ്പ് കേസുകൾ പരിഹരിക്കാൻ ഡൽഹി പോലീസിനെ സഹായിച്ച സബ് ഇൻസ്പെക്ടർ അവസാനം തട്ടിപ്പിന് പിടിയില്‍. തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലഭിച്ച 2 കോടിയിലധികം രൂപ ഇരകൾക്ക് തിരികെ നൽകുന്നതിനുപകരം, മോഷ്ടിച്ച് സബ് ഇൻസ്പെക്ടറായ കാമുകിയുമായി അയാൾ ഒളിച്ചോടി.

തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും പിടിച്ചെടുത്ത തുക യഥാര്‍ഥ അവകാശികള്‍ക്ക് നല്‍കുന്നതിനായുള്ള ചുമതലയും ഇയാള്‍ സ്വയം ഏറ്റെടുത്തു. പണം നിക്ഷേപിക്കേണ്ടതിന് തൊട്ടു മുന്‍പ് ഏഴുദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് മുങ്ങി. പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിയതേ ഇല്ല.

എന്നാല്‍ ഇതേ സമയം തന്നെ ജിഡിബി എന്‍ക്ലേവ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ നേഹ പുനിയയും ലീവെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. രണ്ടുകോടി രൂപയുമായി കാമുകിയായ നേഹയുടെ അടുത്തെത്തിയ ശേഷം അങ്കുര്‍, അവരെയും കൂട്ടി മണാലി, ഗോവ, കശ്മീര്‍ എന്നിങ്ങനെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം ചുറ്റിയടിച്ചു. ഒടുവില്‍ ഡല്‍ഹി പൊലീസ് കയ്യോടെ പിടികൂടുകയും ചെയ്തു.

അന്വേഷണത്തിനിടെ, സൈബർ തട്ടിപ്പ് കണ്ടെത്തലുകളിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി വെളിപ്പെടുത്തി. മാലിക്കും പുനിയയും വേറെ കുടുംബമുള്ളവരും വിവാഹിതരാണ്. മാലിക്കിന്റെ ഭാര്യ ഉത്തർപ്രദേശിലെ ബറാവുത്തിലാണ് താമസിക്കുന്നത് പുനിയയുടെ ഭർത്താവ് ഡൽഹിയിലെ രോഹിണി പ്രദേശത്താണ് താമസിക്കുന്നത്. 2021 ല്‍ എസ്.ഐമാര്‍ക്കുള്ള പരിശീലനത്തിനിടെയാണ് അങ്കുറും നേഹയും സൗഹൃദത്തിലായത്. ഇത് ക്രമേണെ പ്രണയത്തിലേക്ക് വളര്‍ന്നു. തട്ടിപ്പിനുള്ള പദ്ധതി അന്നേ ആരംഭിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

കാണാതായ സബ് ഇൻസ്പെക്ടർമാരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം രഹസ്യാന്വേഷണം നടത്തി. നാല് മാസത്തെ തിരച്ചിലിന് ശേഷം ഒടുവിൽ ഇൻഡോറിൽ നിന്ന് അവരെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികളിൽ നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണം, 12 ലക്ഷം രൂപ, 11 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, മൂന്ന് എടിഎം കാർഡുകൾ, മറ്റ് വസ്തുക്കൾ എന്നിവ പോലീസ് കണ്ടെടുത്തു.

തട്ടിപ്പിലൂടെ നഷ്ടമായ പണം സ്വീകരിക്കാന്‍ പരാതിക്കാര്‍ ആരും എത്തിയില്ലെന്ന് വിശദീകരിക്കുന്ന വ്യാജരേഖകള്‍ അങ്കുര്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രത്യേക കോടതി ഉത്തരവും കൈക്കലാക്കി. തുടര്‍ന്ന് വിദഗ്ധനീക്കത്തിലൂടെ രണ്ടുകോടിയിലേറെ വരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പണം കൈമാറുന്നതിന് എളുപ്പമാര്‍ഗമെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിക്കൂട്ടിയതെന്നും പൊലീസ് പറയുന്നു. സ്വന്തം പങ്കാളികളെ ഉപേക്ഷിച്ച ഇരുവരും മധ്യപ്രദേശിലെ മലയോര ഗ്രാമങ്ങളില്‍ പോയി പുതിയ മേല്‍വിലാസത്തില്‍ ജീവിക്കാനായിരുന്നു പദ്ധതിയിട്ടതെന്നും കണ്ടെത്തി.