ശാസ്ത്രവും ഫാഷനും കൈകോർക്കുന്ന പുതിയ കാലത്ത് അതിശയകരമായ ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ലക്ഷ്വറി ഫാഷൻ ലോകം. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നും വംശനാശം സംഭവിച്ച ടി-റെക്സ് (T. rex) ഇനത്തിൽപ്പെട്ട ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഹാൻഡ്‌ബാഗാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലാബിൽ വികസിപ്പിച്ചെടുത്ത കൊളാജൻ ഉപയോഗിച്ചാണ് ഈ ‘ദിനോസർ ലെതർ’ ബാഗ് നിർമ്മിച്ചിരിക്കുന്നത്.
ആംസ്റ്റർഡാമിലെ ആർട്ട് സൂ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ബാഗ് ഒരു ടി-റെക്സ് പ്രതിമയ്ക്ക് താഴെയായാണ് സൂക്ഷിച്ചിരിക്കുന്നത്. മെയ് 11 വരെ സന്ദർശകർക്ക് ഇത് കാണാൻ സാധിക്കും. അതിനുശേഷം ലേലം ചെയ്യുന്ന ബാഗിന്റെ പ്രാരംഭ വില ഏകദേശം 5 കോടി രൂപയ്ക്ക് (500,000 ഡോളർ) മുകളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘എൻഫിൻ ലെവെ’ എന്ന ഫാഷൻ ബ്രാൻഡാണ് ഈ അപൂർവ്വ ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ വെള്ളി കൊണ്ടുള്ള അലങ്കാരങ്ങളും കറുത്ത വജ്രങ്ങളും പതിപ്പിച്ചിട്ടുണ്ട്.
അമേരിക്കയിൽ നിന്ന് കണ്ടെത്തിയ ദിനോസർ ഫോസിലുകളിലെ കൊളാജൻ ഭാഗങ്ങൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ പദാർത്ഥം വികസിപ്പിച്ചെടുത്തത്. കാണാതായ ഭാഗങ്ങൾ കൃത്രിമമായി പുനർനിർമ്മിച്ച് പുതിയ കോശങ്ങളിലൂടെ കൊളാജൻ ഉത്പാദിപ്പിക്കുകയായിരുന്നു.
മുമ്പ് ഇതേ സംഘം തന്നെ മാമത്തുകളുടെ ഡിഎൻഎ ഉപയോഗിച്ച് ഒരു ഭീമൻ മീറ്റ്ബോൾ നിർമ്മിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. മൃഗങ്ങളെ കൊല്ലുന്നത് ഒഴിവാക്കാനുള്ള പരിസ്ഥിതി സൗഹൃദ മാർഗ്ഗം എന്നതിലുപരി സാങ്കേതികമായി കൈവരിച്ച വലിയൊരു മുന്നേറ്റമായാണ് ഈ ദിനോസർ ലതർ ബാഗിനെ നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. ഇതിലൂടെ ഫാഷൻ ലോകം ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.




