ലോകത്തെവിടെയാണെങ്കിലും വാടകവീടുകളിൽ താമസിക്കുക എന്നത് പലപ്പോഴും വെല്ലുവിളികൾ നിറഞ്ഞ കാര്യമാണ്. മുൻകൂട്ടി അറിയിക്കാതെയുള്ള വാടക വർധനയും കുടിയൊഴിപ്പിക്കലുമൊക്കെ സാധാരണമാണെങ്കിലും സിംഗപ്പൂരിലെ ഒരു വാടകക്കാരനുണ്ടായ അനുഭവം ആരെയും ഞെട്ടിക്കുന്നതാണ്. അവധിക്കാലം ആഘോഷിച്ച് തിരികെ വീട്ടിലെത്തിയ അദ്ദേഹം കണ്ടത് തന്റെ കിടപ്പുമുറിയിലെ കട്ടിലിൽ അർധനഗ്നയായി കിടന്നുറങ്ങുന്ന അപരിചിതയായ ഒരു യുവതിയെയാണ്.
ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ച് ഫെബ്രുവരിയിൽ ചൈനയിലേക്ക് പോയ അദ്ദേഹം മാർച്ച് ആദ്യവാരമാണ് മടങ്ങിയെത്തിയത്. വീടിന്റെ പൂട്ട് തുറന്ന് അകത്തുകയറിയപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ സ്തബ്ധനാക്കി. വാതിൽ തുറക്കുന്ന ശബ്ദം കേട്ടുണർന്ന യുവതി തനിക്ക് വസ്ത്രം മാറാനായി വാതിൽ അടയ്ക്കാൻ ആവശ്യപ്പെടുകയാണുണ്ടായത്.
താൻ ആരാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ വ്യക്തമാക്കാതെ ആ യുവതി പെട്ടെന്നുതന്നെ അവിടെനിന്നും പോയി. യാത്ര തിരിക്കും മുൻപ് വീട് കൃത്യമായി പൂട്ടിയിരുന്നുവെന്ന് ഉറപ്പുവരുത്തിയിരുന്ന വാടകക്കാരൻ, അപരിചിതയായ സ്ത്രീ അകത്തുകയറിയതിലെ ആശങ്കയറിയിക്കാൻ ഉടൻതന്നെ വീട്ടുടമയെ വിളിച്ചു. തന്റെ വീട്ടുജോലിക്കാരിയുടെ സുഹൃത്താണ് ആ യുവതിയെന്ന മറുപടിയാണ് വീട്ടുടമയിൽ നിന്നും ലഭിച്ചത്.
മസാജ് പാർലറിൽ ജോലി ചെയ്യുന്ന യുവതിക്ക് ജോലി കഴിഞ്ഞ് മടങ്ങാൻ വൈകിയപ്പോൾ താമസിക്കാൻ വീട്ടുജോലിക്കാരി സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. വീട്ടുടമസ്ഥൻ പോലും വാടകക്കാരൻ പറഞ്ഞപ്പോഴാണ് ഈ വിവരം അറിഞ്ഞത്. ഉടമ ജോലിക്കാരിയെ ശാസിക്കുകയും ബെഡ്ഷീറ്റുകൾ കഴുകി വൃത്തിയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തെങ്കിലും വാടകക്കാരന്റെ സമാധാനം അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു.
പ്രതിമാസം ഏകദേശം 76,000 ഇന്ത്യൻ രൂപ വാടക നൽകിയാണ് 2025 ഓഗസ്റ്റ് മുതൽ അദ്ദേഹം അവിടെ താമസിച്ചിരുന്നത്. ഈ സംഭവത്തോടെ അവിടെ തുടരാൻ താല്പര്യമില്ലെന്നും ഡെപ്പോസിറ്റ് തുക തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന കാരണത്താൽ ഉടമ ആദ്യം പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകുകയും മാർച്ച് 31 വരെ അവിടെ തുടരുകയും ചെയ്തു. തന്റെ സ്വകാര്യത നഷ്ടപ്പെട്ടതിലുള്ള മനോവിഷമം അദ്ദേഹം പങ്കുവെച്ചു. അന്ന് കൂടെ ഭാര്യ ഇല്ലാതിരുന്നത് ഭാഗ്യമായെന്നും, വന്നിരുന്നുവെങ്കിൽ തന്നെക്കുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകാൻ ഇത് കാരണമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
വീട് വൃത്തിയാക്കാൻ നൽകിയ സ്പെയർ കീ ദുരുപയോഗം ചെയ്യപ്പെട്ടതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. ഒടുവിൽ മാർച്ച് 31-ന് താമസം ഒഴിഞ്ഞപ്പോൾ വീട്ടുടമസ്ഥൻ ഡെപ്പോസിറ്റ് തുക മടക്കിനൽകി. ഈ സംഭവം പുറത്തുവന്നതോടെ വിദേശരാജ്യങ്ങളിലും മറ്റും വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നവർ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. വാടകക്കാരുടെ സ്വകാര്യതയ്ക്കും സാധനസാമഗ്രികൾക്കും യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യം ഏറെ ഗൗരവകരമാണെന്ന് സിംഗപ്പൂരിലെ പൊതുജനങ്ങൾ പ്രതികരിക്കുന്നു. വീട് വാടകയ്ക്ക് എടുക്കുന്നവർ എത്രത്തോളം ജാഗ്രത പാലിക്കണം എന്നതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ അനുഭവം.




