മെക്സിക്കോയിലെ വെരാക്രൂസിൽ നിന്നുള്ള വിചിത്രമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മരിച്ച യുവാവിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ തങ്ങൾ രണ്ടുപേരും മരിച്ചയാളുമായി പ്രണയത്തിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞ രണ്ട് സ്ത്രീകൾ ശവപ്പെട്ടിക്ക് അരികിൽ വെച്ച് ഏറ്റുമുട്ടി. ഈ അസാധാരണമായ വഴക്കും കയ്യാങ്കളിയും കണ്ട് അവിടെയുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും അമ്പരന്നുപോയി.
മരിച്ചയാളുടെ ശവപ്പെട്ടിക്ക് അരികിൽ നിന്ന് ഒരു സ്ത്രീ “പ്രിയപ്പെട്ടവനെ, ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും” എന്ന് വികാരാധീനയായി പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് കേട്ട മറ്റൊരു സ്ത്രീ “നീ ആരാണ്?” എന്ന് ചോദിച്ചുകൊണ്ട് മുന്നോട്ടുവന്നു. താൻ അദ്ദേഹത്തിന്റെ കാമുകിയാണെന്ന് ആദ്യത്തെ സ്ത്രീ വെളിപ്പെടുത്തിയതോടെ രണ്ടാമത്തെ സ്ത്രീയും താൻ അദ്ദേഹത്തിന്റെ കാമുകിയാണെന്ന് അവകാശപ്പെട്ടു. വാക്കേറ്റം നിമിഷങ്ങൾക്കുള്ളിൽ അടിപിടിയിൽ കലാശിച്ചു.
വൈറലായ വീഡിയോയിൽ ശവപ്പെട്ടിക്ക് മുകളിലൂടെ രണ്ട് സ്ത്രീകൾ പരസ്പരം തല്ലുപിടിക്കുന്നതും ആ ബഹളത്തിനിടയിൽ ശവപ്പെട്ടിയുടെ മൂടി അനങ്ങുന്നതും കാണാം. ചുറ്റുമുള്ളവർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും പരിഹാസങ്ങൾക്കും വഴിവെച്ചു.
“പെട്ടിയിൽ നിന്ന് എഴുന്നേറ്റ് ഓടിക്കോ” എന്നും, “മരിച്ചിട്ടുപോലും ഈ പ്രശ്നം തീർക്കാൻ ഇയാൾക്ക് കഴിയില്ലല്ലോ” എന്നും ആളുകൾ തമാശയായി കമന്റ് ചെയ്യുന്നു. ഇത്രയും വലിയ പ്രശ്നക്കാരനായ ഇയാൾ സ്വാഭാവികമായി മരിച്ചതാണോ എന്ന് സംശയമുണ്ടെന്നും ചിലർ പരിഹസിക്കുന്നു.




