Featured Sports

മകനെ ക്രിക്കറ്ററാക്കാൻ വീടുവിറ്റു, ജയിലിലായി, മുകുളിന്റെ ബാറ്റിൽ വിരിഞ്ഞത് അച്ഛന്റെ കണ്ണീരും വിയർപ്പും

ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച മുകുൾ ചൗധരിയുടെ പിന്നിലെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥ കായികലോകത്തിന്റെ ശ്രദ്ധ നേടുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വെറും 27 പന്തിൽ നിന്ന് 54 റൺസ് അടിച്ചുകൂട്ടിയ മുകുൾ തന്റെ വിജയം അച്ഛന് സമർപ്പിച്ചു. മുകുളിനെ ഒരു ക്രിക്കറ്റ് താരമാക്കാൻ വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെച്ച അച്ഛൻ ദലീപ് ചൗധരിയുടെ വാക്കുകൾ ഏവരെയും വൈകാരികമാക്കുന്നതാണ്.

തനിക്ക് ഒരു മകനുണ്ടായാൽ അവനെ ക്രിക്കറ്റ് താരമാക്കുമെന്ന് വിവാഹത്തിന് മുൻപേ ദലീപ് തീരുമാനിച്ചിരുന്നു. മകന്റെ സ്വപ്നത്തിന് വേണ്ടി ദരിദ്രമായ സാഹചര്യത്തിലും അദ്ദേഹം തന്റെ വീട് വിറ്റു. പരിശീലനത്തിനും മറ്റുമായി വലിയ തുക വായ്പയെടുത്തു. കടം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തിന് ജയിലിൽ പോലും പോകേണ്ടി വന്നു. “ഞാൻ വഞ്ചനയൊന്നും ചെയ്തിട്ടില്ല, ഗഡുക്കൾ കൃത്യമായി അടയ്ക്കാൻ കഴിയാത്തതിനാലാണ് ജയിലിൽ പോകേണ്ടി വന്നത്,” ദലീപ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഈ കഷ്ടപ്പാടുകൾക്കിടയിൽ ബന്ധുക്കൾ പോലും അദ്ദേഹത്തെ കൈവിട്ടു. “നീ നിന്റെ ജീവിതം നശിപ്പിച്ചു, ഇനി നിന്റെ മകനെയെങ്കിലും വെറുതെ വിട്ടുകൂടെ” എന്ന് പലരും മുഖത്ത് നോക്കി പരിഹസിച്ചു. എന്നാൽ ഈ വാക്കുകൾ തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാൻ ദലീപിന് കൂടുതൽ കരുത്ത് നൽകി. മുൻപ് താൻ ഗ്രാമങ്ങളിൽ ക്രിക്കറ്റ് കളിച്ചിരുന്നതായും കപിൽ ദേവും സച്ചിനുമാണ് തന്റെ മാതൃകാപുരുഷന്മാരെന്നും ദലീപ് ഓർക്കുന്നു. 2011 ലോകകപ്പിന് ശേഷം ധോണിയുടെ ആരാധകനായ മകന് വേണ്ടിയാണ് അദ്ദേഹം വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകൾ വാങ്ങി നൽകിയത്.

കഴിഞ്ഞ ലേലത്തിൽ 2.60 കോടി രൂപയ്ക്കാണ് മുകുളിനെ ലഖ്‌നൗ സ്വന്തമാക്കിയത്. ആ തുക കൊണ്ട് അച്ഛന്റെ കടങ്ങൾ വീട്ടുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് മുകുൾ നേരത്തെ പറഞ്ഞിരുന്നു. ഈഡൻ ഗാർഡൻസിലെ മകന്റെ പ്രകടനം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞോ എന്ന് ദലീപ് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ അതെ എന്നായിരുന്നു മുകുളിന്റെ മറുപടി. മകന്റെ വിജയം തന്റെ വർഷങ്ങളായുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് ഈ അച്ഛൻ വിശ്വസിക്കുന്നു.