എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്‌സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി. മകനെ കൊലപ്പെടുത്തിയശേഷം യു.എസില്‍നിന്നു മുങ്ങിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍. സിന്‍ഡി സിങ് റോഡ്രിഗസ്(40) ആണ് അറസ്റ്റിലായത്. എഫ്.ബി.ഐയുടെ കുറ്റവാളി പട്ടികയില്‍ ഇന്ത്യന്‍ വംശജരില്‍ നാലാം സ്ഥാനത്താണു സിന്‍ഡി.
2022ലാണ് സിന്‍ഡി ആറ് വയസ്സുള്ള മകന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയത്. സിന്‍ഡിയുടെ ആദ്യ വിവാഹത്തിലെ മകനാണു റോയല്‍.
ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും ആറുമക്കള്‍ക്കുമൊപ്പം 2023 മാര്‍ച്ച് 23-ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ഇവരെ അവസാനമായി കണ്ടത്. നോയലിനെ കാണാതായി വളരെക്കുറച്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. അന്വേഷണത്തിന്റെ ഭാഗമായെത്തിയ ഉദ്യോഗസ്ഥരോട്, മെക്‌സിക്കോയില്‍ സ്വന്തം പിതാവിനൊപ്പമാണ് നോയലെന്ന് സിന്‍ഡി കള്ളംപറയുകയും ചെയ്തിരുന്നു. പിന്നീടാണു കൊലപാതകമാണെന്നു വ്യക്തമായത്.
2024 ഒക്ടോബറില്‍ ഇന്റര്‍പോള്‍ അവര്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഈ വര്‍ഷം ജൂലൈയില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി അവരുടെ തലയ്ക്ക് 2.18 കോടി രൂപ വിലയിട്ടു.
ശ്വാസകോശ രോഗിയായിരുന്നു നോയല്‍. ഓക്സിജന്‍ സഹായം ആവശ്യമുള്ള കുട്ടിയെ സിന്‍ഡി പീഡിപ്പിച്ചിരുന്നതായും കണ്ടെത്തി.
രണ്ടാം വിവാഹത്തില്‍ ഇരട്ടക്കുട്ടികള്‍ പിറന്നതോടെയാണു റോയലിനെതിരേ സിന്‍ഡി തിരിഞ്ഞത്. മകനെ സാത്താനായാണ് അവര്‍ കണ്ടത്.തന്റെ ഇരട്ടക്കുട്ടികളെ നോയല്‍ അപകടപ്പെടുത്തുമെന്നും സിന്‍ഡി ഭയന്നിരുന്നു. മകനെ വില്‍ക്കാനും അവര്‍ ശ്രമിച്ചിരുന്നു. അതും പരാജയപ്പെട്ടതോടെയായിരുന്നു കൊലപാതകം.
ഇന്ത്യന്‍ അധികൃതരുടെയും ഇന്റര്‍പോളിന്റെയും കൂടി സഹായത്തോടെയാണ് സിന്‍ഡിയെ അറസ്റ്റ് ചെയ്തത്. യുഎസിലേക്ക് കൊണ്ടുപോകുന്ന സിന്‍ഡിയെ ശേഷം ടെക്‌സാസിലെ അധികൃതര്‍ക്ക് കൈമാറുമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.




