Myth and Reality

“ശർക്കര കഴിച്ചാൽ ശ്വാസംമുട്ടൽ മാറുമോ? സത്യവും മിഥ്യയും; പ്രമേഹരോഗികൾ ഇതുകൂടി അറിയണം

പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതികളിലും ഒറ്റമൂലികളിലും പണ്ടുമുതലേ വലിയൊരു സ്ഥാനമുള്ള ഒന്നാണ് ശർക്കര. ഒരു ചെറിയ കഷ്ണം ശർക്കര കഴിക്കുന്നത് തൊണ്ടയിലെ അസ്വസ്ഥതകൾ മാറാനും ചുമ കുറയ്ക്കാനും ശ്വാസോച്ഛ്വാസം എളുപ്പമാക്കാനും സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ശർക്കരയ്ക്ക് ശരിക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മാറ്റാൻ കഴിയുമോ, അതോ ഇതൊരു വെറും വിശ്വാസം മാത്രമാണോ?

ഇതിന്റെ ഉത്തരം രണ്ട് വശങ്ങളിലായി കിടക്കുന്നു. പരിസ്ഥിതി ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പഠനം പറയുന്നത് ശർക്കര ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു സ്വാഭാവിക ക്ലെൻസറായി പ്രവർത്തിക്കുമെന്നാണ്. ഇത് കഫം ഇല്ലാതാക്കാനും ശ്വാസത്തിലൂടെ ഉള്ളിലെത്തുന്ന പൊടിപടലങ്ങളെ പുറത്തു കളയാനും സഹായിക്കും. പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസകോശത്തിലെ തകരാറുകൾ കുറയ്ക്കാൻ ശർക്കരയ്ക്ക് കഴിയുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ പൊടിയും പുകയുമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഒരു പരിധി വരെ ഗുണം ചെയ്യും.

ശർക്കരയിൽ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ആന്റിഓക്‌സിഡന്റുകളും ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്. കാലാകാലങ്ങളായി തൊണ്ടവേദനയ്ക്കും ചുമയ്ക്കും തൊണ്ടയിലെ അസ്വസ്ഥതകൾക്കും ഒരു സ്വാഭാവിക പരിഹാരമായി ഇത് ഉപയോഗിച്ചുപോരുന്നു. തണുപ്പുകാലത്ത് ശ്വാസനാളത്തിലെ കഫം അലിയിച്ചു കളയാനും അസ്വസ്ഥതകൾ കുറയ്ക്കാനും ശർക്കര സഹായിക്കുമെന്ന് പലർക്കും അനുഭവമുണ്ട്. അതുകൊണ്ടാണ് ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ ചൂടുവെള്ളം, ഇഞ്ചി, മറ്റ് ഔഷധകൂട്ടുകൾ എന്നിവയോടൊപ്പമോ ശർക്കര കഴിക്കുന്നത് ഒരു ശീലമായി മാറിയത്.

എങ്കിലും, ശ്വാസകോശത്തിന്റെ പ്രവർത്തനം നേരിട്ട് മെച്ചപ്പെടുത്താനോ ആസ്ത്മ, സി.ഒ.പി.ഡി (COPD) പോലുള്ള ഗുരുതരമായ ശ്വാസകോശ രോഗങ്ങളെയും അണുബാധകളെയും ചികിത്സിച്ച് മാറ്റാനോ ശർക്കരയ്ക്ക് കഴിയുമെന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. നേരിയ ചുമ, തൊണ്ടയിലെ അസ്വസ്ഥത, കഫക്കെട്ട് എന്നിവയുള്ളപ്പോൾ ശർക്കര കഴിക്കുന്നത് താൽക്കാലികമായി അല്പം ആശ്വാസം നൽകിയേക്കാം എന്നല്ലാതെ ഇതിനെ ശ്വാസകോശ രോഗങ്ങൾക്കുള്ള ഒരു ചികിത്സയായി കാണാൻ കഴിയില്ല.

അലർജി, ആസ്ത്മ, ശ്വാസകോശത്തിലെ അണുബാധകൾ, ഹൃദ്രോഗം, മലിനീകരണം തുടങ്ങി പല കാരണങ്ങൾ കൊണ്ട് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം എന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ശ്വാസമെടുക്കുമ്പോഴുണ്ടാകുന്ന വിസിലടി പോലുള്ള ശബ്ദം, നെഞ്ചുരുകൽ, വിട്ടുമാറാത്ത ചുമ എന്നിവ ആസ്ത്മ പോലെയുള്ള ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ ശർക്കര പോലുള്ള വീട്ടുവൈദ്യങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നത് കൃത്യമായ മെഡിക്കൽ പരിശോധനകൾ വൈകാനും ജീവന് തന്നെ അപകടമാകാനും കാരണമാകും. ലക്ഷണങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുകയോ കൂടുകയോ ചെയ്താൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.

പഞ്ചസാരയ്ക്ക് പകരമുള്ള നല്ലൊരു ആരോഗ്യപ്രദമായ ഓപ്ഷനായിട്ടാണ് ശർക്കരയെ കാണുന്നതെങ്കിലും ഇതിലും അടങ്ങിയിരിക്കുന്നത് മധുരം തന്നെയാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാൻ കാരണമാകും. അതിനാൽ പ്രമേഹം, അമിതവണ്ണം എന്നിവയുള്ളവരും കലോറി നിയന്ത്രിക്കുന്നവരും ശർക്കര വളരെ കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാവൂ. അമിതമായി കഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. ചുരുക്കത്തിൽ, ശർക്കരയ്ക്ക് ശ്വാസകോശ രോഗങ്ങൾ സുഖപ്പെടുത്താൻ കഴിയും എന്നത് ഒരു മിഥ്യാധാരണയാണ്. ഇത് തൊണ്ടയ്ക്ക് ചെറിയ ആശ്വാസം നൽകുമെങ്കിലും ശ്വാസകോശ രോഗങ്ങൾക്ക് പകരമുള്ള ഒരു ചികിത്സയല്ല. വിട്ടുമാറാത്ത ശ്വാസതടസ്സത്തിന് കൃത്യമായ വൈദ്യസഹായം തേടുകയാണ് ഏറ്റവും നല്ല വഴി. ശർക്കര നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാമെങ്കിലും അത് ഒരിക്കലും ഡോക്ടറുടെ ചികിത്സയ്ക്ക് പകരമാകരുത്.

Leave a Reply

Your email address will not be published. Required fields are marked *