കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ സാഹസിക കായിക വിനോദങ്ങളും അവ നടത്തുന്ന സ്ഥാപനങ്ങളും വലിയ രീതിയിലുള്ള ചോദ്യം ചെയ്യലുകൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങളുടെ കുറവ് മൂലവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ടും രാജ്യത്ത് പലയിടങ്ങളിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഋഷികേശിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. യാതൊരുവിധ കയറുകളോ (rope) ഹാർനെസ്സുകളോ ഇല്ലാതെ ഉയരത്തിൽ നിന്നും ആളുകൾ താഴേക്ക് ചാടുന്നതാണ് ഈ വീഡിയോയിലുള്ളത്.
‘സ്കാഡ് ജമ്പ്’ (SCAD – Suspended Catch Air Device) എന്നാണ് ഈ കായിക വിനോദത്തിന്റെ പേര്. കയറുകളുടെ സഹായമില്ലാതെ ഉയരത്തിൽ നിന്നും താഴെ കെട്ടിയിരിക്കുന്ന സുരക്ഷാ വലയിലേക്ക് (safety net) നേരിട്ട് ചാടുകയാണ് ഇതിൽ ചെയ്യുന്നത്. ഈ വീഡിയോയിലും താഴെ ഒരു സുരക്ഷാ വല ഉണ്ടായിരുന്നുവെങ്കിലും, ഇന്ത്യയിലെ സാഹസിക വിനോദങ്ങളിലെ സുരക്ഷാ കുറവുകളെ ചൂണ്ടിക്കാട്ടി നിരവധി ആളുകൾ ഇതിനെതിരെ രംഗത്തുവന്നു. മുൻപുണ്ടായിട്ടുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം വിനോദങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.
എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. “ഋഷികേശിൽ നിന്നുള്ള ഈ സാഹസിക വിനോദം സുരക്ഷിതമാണോ? കയറുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ഒരു ചെറിയ വീഴ്ച പോലും ജീവിതകാലം മുഴുവൻ കഴുത്തിനും നട്ടെല്ലിനും കേടുപാടുകൾ വരുത്തിയേക്കാം. ഇത്തരം വിനോദങ്ങൾക്ക് ഔദ്യോഗിക അധികാരികളുടെ അനുമതിയുണ്ടോ?” എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഇത്തരം സാഹസിക വിനോദങ്ങളെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് ആളുകൾ ഇതിന് താഴെ കമന്റ് ചെയ്യുന്നത്. ഇവിടെ കൃത്യമായ സുരക്ഷാ നിയമങ്ങളോ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ജീവനക്കാരോ ഉണ്ടാകാറില്ലെന്നും, അതുകൊണ്ട് സ്വന്തം ജീവൻ വെച്ച് കളിക്കരുതെന്നും പലരും കുറിച്ചു. എവിടെയാണെങ്കിലും ഇത്തരം സാഹസിക വിനോദങ്ങൾ അപകടസാധ്യതയുള്ളതാണെന്നും, ഇന്ത്യയിൽ മികച്ച ഗുണനിലവാരമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ കൂടുതൽ ശ്രദ്ധ നൽകണമെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.




