തെലങ്കാനയിലെ കരീംനഗറിൽ ദളിത് യുവാവായ ജൂല വംശിയെ കൊലപ്പെടുത്തി വനത്തിൽ തള്ളിയ നിലയിൽ കണ്ടെത്തി. രാമഗിരി മണ്ഡലിലെ സിംഗിറെഡ്ഡിപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ട വംശി. സംഭവവുമായി ബന്ധപ്പെട്ട് നവീൻ, ഭാര്യ ആലേഖ്യ, ബന്ധുവായ ഭാസ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാഡിദാലഗണ്ഡി വനമേഖലയിൽ നിന്നാണ് വംശിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
വർഷങ്ങളായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സ്കൂൾ കാലം മുതൽ വംശി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി ആലേഖ്യ മൊഴി നൽകി. വിവാഹശേഷവും ഇത് തുടർന്നതോടെയാണ് ഭർത്താവും ബന്ധുവും ചേർന്ന് വംശിയെ വകവരുത്താൻ പദ്ധതിയിട്ടത്.
കഴിഞ്ഞ ഏപ്രിൽ 30 മുതൽ വംശിയെ കാണാനില്ലായിരുന്നു. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച വനത്തിനുള്ളിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം ലഭിച്ചത്. വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനാണ് കാട്ടിൽ ഉപേക്ഷിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.
നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. വംശിയുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




