പത്തനംതിട്ടയിൽ നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്. പ്രായപരിധിയിൽ മുൻപ് ഇളവ് നൽകിയത് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനാണെന്നും, ഇപ്പോൾ വീണ്ടും ഇളവ് നൽകി പ്രതിപക്ഷ നേതാവാക്കിയ നടപടി റദ്ദാക്കണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ഭരണം നഷ്ടപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തെ തന്നെ പ്രതിപക്ഷ നേതാവാക്കുന്നത് ഉചിതമല്ലെന്നും, പരാജയത്തിന്റെ ഉത്തരവാദിത്തം ഏൽക്കാൻ അദ്ദേഹം തയാറായില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ലായിരുന്നുവെന്നും മന്ത്രിമാരുടെ മോശം പ്രവർത്തനശൈലി ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കാര്യമായ തിരുത്തലുകൾ പാർട്ടിയിൽ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പാർട്ടിയെ രക്ഷിക്കുന്നതിന് പകരം സ്വന്തം ഭാര്യയെ സംരക്ഷിക്കാനാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശ്രമിച്ചതെന്നും യോഗത്തിൽ രൂക്ഷമായ വിമർശനമുണ്ടായി.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. കേരള നേതൃത്വത്തിന്റെ ഈ നിർദ്ദേശത്തിന് പൊളിറ്റ് ബ്യൂറോയുടെ അംഗീകാരമുണ്ടായിരുന്നു. പാർട്ടിയിൽ തലമുറമാറ്റം വേണമെന്നും പുതിയൊരാളെ നേതാവാക്കണമെന്നും സംസ്ഥാന കമ്മിറ്റിയിൽ ചിലർ ആവശ്യപ്പെട്ടെങ്കിലും അതിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പിബി അംഗം നിയമസഭയിലുള്ളപ്പോൾ മറ്റൊരാളെ നേതാവാക്കുന്ന രീതിയില്ലെന്നും, അല്ലെങ്കിൽ അദ്ദേഹം എംഎൽഎ സ്ഥാനം ഒഴിയേണ്ടി വരുമെന്നും നേതൃത്വം വിശദീകരിച്ചു. പ്രതിപക്ഷ നേതാവാകാനുള്ള നിർദ്ദേശത്തെ പിണറായി എതിർത്തതുമില്ല.




