ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ്ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ഒക്ടോബർ 2ന് സെങ്ഷൗവിലെ നയന്‍ത് പീപ്പിള്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.
സെങ്ഷൗവിലെ നയന്‍ത് പീപ്പിള്‍സ് ആശുപത്രിയില്‍ സെപ്റ്റംബര്‍ 30-ന് ലി ജിയാങ്ങിനെ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ രണ്ടിന് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു. പിന്നീട് അടുത്തദിവസം ഇദ്ദേഹത്തെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ നാലാം തിയ്യതി ആരോഗ്യനില വഷളാകുകയും ശ്വാസം നിലച്ച അവസ്ഥയിലാകുകയും ചെയ്തതിനെ തുടര്‍ന്ന് ലിയെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. ഒക്ടോബര്‍ അഞ്ചിന് യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ലി ജിയാങ്ങിന് നിരന്തരമായി ശരീരഭാരം കൂടുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിനൊപ്പം കൂര്‍ക്കംവലിയുമുണ്ടായിരുന്നു. മെറ്റബോളിക് സിന്‍ഡ്രോം, ഫാറ്റി ലിവര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയും യുവാവിനുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ യുവാവിന്റെ കുടുംബം രംഗത്തെത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പ് മതിയായ പരിശോധനകള്‍ നടത്തിയില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം വേണ്ട പരിചരണങ്ങള്‍ നല്‍കിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ആശുപത്രി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവം ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.




