Crime

വിജിലന്‍സിനെ കണ്ട് വീട്ടുമതിൽ ചാടാൻ ശ്രമിച്ച് ഡിവൈഎസ്പി; കക്കൂസ് മാലിന്യം തള്ളുന്നവരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ്

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാറിനെ വിജിലൻസ് സംഘം പിടികൂടി. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൈകുന്നേരം ചേർത്തല ആലുങ്കലുള്ള വീട്ടിൽ വെച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പൊലീസ് പിടിച്ചെടുത്ത ഒരു ശുചിമുറിമാലിന്യ വാഹനം തിരികെ വിട്ടുകൊടുക്കുന്നതിനായി പണം വാങ്ങുമ്പോഴാണ് ഡിവൈഎസ്പി പിടിയിലാകുന്നത്.

ആലപ്പുഴയിൽ വെച്ച് ഈ വാഹനം വിട്ടുനൽകാൻ രണ്ടു ലക്ഷം രൂപയാണ് അദ്ദേഹം കൈക്കൂലിയായി ചോദിച്ചത്. വാഹന ഉടമ ഈ വിവരം വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി അനിൽകുമാർ അവരുടെ നിരീക്ഷണത്തിലായിരുന്നു. പിന്നീട് ആവശ്യപ്പെട്ട തുകയുടെ ആദ്യ ഗഡുവായ 50,000 രൂപ വാങ്ങുന്നതിനിടയിലാണ് ഇദ്ദേഹത്തെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.

തന്നെ പിടികൂടാനായി വിജിലൻസ് ഉദ്യോഗസ്ഥർ വരുന്നത് കണ്ട ഡിവൈഎസ്പി അനിൽകുമാർ മതിൽ ചാടി ഓടിപ്പോകാൻ നോക്കി. എന്നാൽ വിജിലൻസ് സംഘം പിന്നാലെ ഓടി അദ്ദേഹത്തെ കീഴ്പ്പെടുത്തുകയായിരുന്നു. കൊല്ലം സ്വദേശിയായ അനിൽകുമാർ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ചേർത്തലയിൽ ഡിവൈഎസ്പിയായി ജോലിയിൽ പ്രവേശിച്ചത്.