മാവേലിക്കര: പട്ടാപ്പകല്‍ വയോധികയുടെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞു രണ്ടരപ്പവന്റെ മാല പൊട്ടിച്ചുകടന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73)രണ്ടരപ്പവന്റെ മാല പൊട്ടിച്ചു മോഷണം നടത്തിയ കേസില്‍ സഹോദരങ്ങളായ തട്ടാരമ്പലം കണ്ടിയൂര്‍ സിജുഭവനം പടാര്യത്തു സിജുമോന്‍.എം.ആര്‍ (28), രഞ്ജുമോള്‍. ആര്‍ (37), എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘം മാവേലിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 28ന് ഉച്ചയോടെ കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ രണ്ടരപ്പവന്റെ മാല ഹെല്‍മറ്റ് വെച്ച് എത്തിയയാള്‍ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പൊട്ടിച്ചെടുത്തു. സതിയമ്മയുടെ കയ്യിലെ വള ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് മാവേലിക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാന ത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി. വൈ. എസ്. പി. .എം. കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങിയിരുന്നു.
പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ ഈ വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്താന്‍ സാധ്യതയെന്നു മനസിലായി. തുടര്‍ന്ന് സമീപവാസികളെയും സാമാന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുന്‍ കുറ്റവാളികളെ കേന്ദ്രികരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സിജുമോനാണ് മാലപൊട്ടിച്ചു മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. പോലീസ് അന്വേഷണം തന്നിലേക്ക് വരുന്നത് മനസിലാക്കിയ സിജുമോന്‍ ഒളിവില്‍ പോകുകയായിരുന്നു. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ നാട്ടിലെ പോലീസ് അന്വേഷണ പുരോഗതി മനസിലാക്കിയിരുന്നത്.
ഇയാളുടെ ബന്ധുവീടുകള്‍ കേന്ദ്രികരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ ഓച്ചിറ ആലുംപീടിക ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സഹോദരിയായ രഞ്ജു മോള്‍ക്ക് ബാങ്കില്‍ പണം അടയ്ക്കുന്നതിന് വന്ന സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിന് വേണ്ടിയാണ് രഞ്ജുമോള്‍ നല്‍കിയ നിര്‍ദേശം അനുസരിച്ചു ഈ കുറ്റകൃത്യം ചെയ്തതെന്ന് സിജുമോന്‍ പറഞ്ഞു. രഞ്ജുമോളും മോഷണത്തിന് ഇരയായ സതിയമ്മയും കണ്ടിയൂര്‍ പള്ളിയില്‍ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയായ സതിയമ്മയുടെ കണ്ണില്‍ മുളക്‌പൊടി തേച്ചിട്ട് കയ്യിലെ വള ഊരിയെടുക്കാനായിരുന്നു പ്ലാന്‍.
അതിനുവേണ്ടി സുഹൃത്തിന്റെ സ്‌കൂട്ടര്‍ വാങ്ങി സിജുമോന്‍ സംഭവം നടന്ന ദിവസം രഞ്ചുമോള്‍ കൊടുത്ത വിവരം അനുസരിച്ചു ഉച്ചയോടെ ഹെല്‍മറ്റ് ധരിച്ച് പള്ളിയില്‍ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന രഞ്ചുമോള്‍ മുളകുപൊടിയും ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസും സിജുമോന് കൊടുത്ത് സതിയമ്മ താമസി ക്കുന്ന മുറിയിലേക്ക് വിട്ടു. ഹെല്‍മറ്റ് ധരിച്ച് സിജുമോന്‍ മുറിയുടെ വാതില്‍ക്കലെത്തി സതിയമ്മയെ വിളിച്ചു.
ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടീസ് കൊടുക്കാനാണെന്നു പറഞ്ഞ് മുറിയുടെ അകത്തുകയറി സിജുമോന്‍ സതിയമ്മയുടെ കണ്ണില്‍ തന്റെ കയ്യില്‍ കരുതിയിരുന്ന മുളകുപൊടി തേച്ചശേഷം ബലമായി കയ്യിലെ വള ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ മാലപ്പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
പിടിച്ചുപറി നടത്തുന്ന തിന് മുന്‍പ് ധരിച്ചിരിക്കുന്ന ഷര്‍ട്ട് മാറ്റി വേറെ ഷര്‍ട്ട് ഇട്ടുകൊണ്ട് വരണമെന്ന് രഞ്ചുമോള്‍ പറഞ്ഞിരുന്നുവെങ്കിലും മോഷണം നടത്തിയപ്പോള്‍ ഇട്ടിരുന്ന ഷര്‍ട്ട് കത്തിച്ചുകളയാന്‍ രഞ്ചുമോള്‍ പറഞ്ഞതായി സിജുമോന്‍ പറഞ്ഞു. പോലീസിന്റെ അന്വേഷണം ഊര്‍ജിതമായതോടെ കരുനാഗപ്പള്ളി ആദിനാടുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോയതെന്ന് സിജുമോന്‍ പറഞ്ഞു. സിജുമോന്റെ കുറ്റസമ്മത മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ രഞ്ചുമോളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.




