Crime

‘സഹപ്രവര്‍ത്തകര്‍ പറഞ്ഞു അവിഹിതമെന്ന്, അവന്‍ മകനേപ്പോലെ’; ഗവ. ജീവനക്കാര്‍ കിണറ്റില്‍ച്ചാടി മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരായ രണ്ടുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലാര്‍ക്ക് രജനി ദുണ്ഡലെ(48), ജലവിതരണ വകുപ്പിലെ ജീവനക്കാരന്‍ മിഥുന്‍(29) എന്നിവരെയാണ് ഭായാവാഡി ഗ്രാമത്തില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കിണറ്റില്‍ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

രജനിയെയും മിഥുനെയുംക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അപവാദം പ്രചരിപ്പിച്ചെന്നും ഇവരെ പരിഹസിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ആരോപണം. ചൊവ്വാഴ്ച രാത്രി ഇരുവരും ജോലികഴിഞ്ഞ് വീടുകളിലെത്തിയിരുന്നില്ല. ഇതോടെയാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. മിഥുന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ പിന്തുടര്‍ന്ന പോലീസ് ഭായാവാഡി ഗ്രാമത്തിലെത്തി. ഇതിനിടെയാണ് ഒരു വയലില്‍ ബൈക്കും രണ്ട് ചെരിപ്പുകളും മൊബൈല്‍ഫോണും ഉപേക്ഷിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇതിന് സമീപത്തെ കിണറ്റില്‍ പരിശോധന നടത്തിയതോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ രജനിയുടെ വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മിഥുനുമായുള്ള ബന്ധത്തെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുറിപ്പില്‍ പറയുന്നത്. മിഥുന്‍ തനിക്ക് മകനെപ്പോലെയാണ്. പക്ഷേ, തങ്ങള്‍ തമ്മില്‍ അവിഹിതബന്ധമുണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഇത്തരം പരാമര്‍ശങ്ങളും പരിഹാസങ്ങളും അസഹനീയമായി മാറിയെന്നും കുറിപ്പില്‍ പറയുന്നു.
അപവാദപ്രചരണം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് അഞ്ചുപേരുടെ വിവരങ്ങളും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. രജനിയും മിഥുനും ഒരേ ഓഫീസിലാണ് ജോലിചെയ്തിരുന്നത്. വിധവയായ രജനി രണ്ടുമക്കളുടെ അമ്മയാണ്. ഇവരുടെ മകന്റെ വിവാഹം ഉടനെ നടക്കാനിരിക്കെയാണ് ഈ സംഭവമുണ്ടായതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)